സിപിഐഎം ജില്ലാ സമ്മേളനത്തിൽ നിന്ന് വിട്ടുനിന്ന ജി സുധാകരൻ ലീഗ് വേദിയിൽ പങ്കെടുക്കാൻ ഒരുങ്ങുന്നു

മുസ്ലിം ലീഗ് സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കാൻ ഒരുങ്ങി ജി സുധാകരൻ. സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിന്റെ ഉദ്ഘാടനത്തിൽ നിന്നും സമാപന സമ്മേളനത്തിൽ നിന്നും വിട്ടു നിന്നത് വർത്തയായതിന് തൊട്ട് പിന്നാലെയാണ് ലീഗിന്റെ സെമിനാറിൽ പങ്കെടുക്കാൻ സുധാകരൻ തയ്യാറെടുക്കുന്നത്.

ഇന്ത്യൻ ഭരണഘടനയും ന്യൂനപക്ഷ അവകാശങ്ങളും എന്ന വിഷയത്തിലാണ് മുസ്ലിം ലീ​ഗ് ആലപ്പുഴ ജില്ലാ കമ്മിറ്റി സെമിനാർ സംഘടിപ്പിക്കുന്നത്. മുൻ പ്രതിപക്ഷ നേതാവും കോൺ​ഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല സെമിനാർ ഉദ്ഘാടനം ചെയ്യും. സിപിഐഎം പ്രതിനിധിയായിട്ടാണ് സുധാകരനെ സെമിനാറിൽ ക്ഷണിച്ചതെന്ന് ലീഗ് നേതാക്കൾ അറിയിച്ചു. ഇന്ന് വൈകീട്ട് 3.30 ന് ആലപ്പുഴ കയർ ക്രാഫ്റ്റ് കൺവെൻഷൻ സെന്ററിൽ വച്ചാണ് സെമിനാർ.

സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിന്റെ സമാപന സമ്മേളനത്തിൽ നിന്നും സുധാകരൻ വിട്ടുനിന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പങ്കെടുത്ത പൊതുസമ്മേളനത്തിൽ സുധാകരന്റെ അസാന്നിധ്യം ശ്രദ്ധേയമായിരുന്നു. 1975-ന് ശേഷം സുധാകരൻ പങ്കെടുക്കാത്ത ആദ്യ ജില്ലാ സമ്മേളനമായിരുന്നു കഴിഞ്ഞു പോയത്.

ജില്ലയിലെ കഴിഞ്ഞ 18 സമ്മേളനങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു സുധാകരൻ. തുടർന്നാണ് തൊട്ടടുത്ത ദിവസം ലീഗ് സംഘടിപ്പിക്കുന്ന സെമിനാറിൽ സുധാകരൻ പങ്കെടുക്കുന്നത്. സിപിഐഎം ലീഗ് വിമർശനം ശക്തമാക്കിയിരിക്കുന്ന സമയത്ത് കൂടിയാണ് സുധാകരന്റെ ഈ പങ്കാളിത്തം എന്നത് കൂടിയാണ് ശ്രദ്ധേയം.