മുസ്ലീം ലീഗിന്റെ സെമിനാറില്‍ നിന്നും ജി സുധാകരന്‍ പിന്മാറി

മുസ്ലീം ലീഗ് ജില്ല കമ്മിറ്റി ആലപ്പുഴയില്‍ സംഘടിപ്പിച്ച സെമിനാറില്‍ നിന്നും അവസാന നിമിഷം പിന്‍വാങ്ങി മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരന്‍. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സുധാകരന്റെ പിന്മാറ്റമെന്നാണ് പുറത്തുവരുന്ന വിവരം. സിപിഎം പ്രതിനിധിയായാണ് ജി സുധാകരനെ ക്ഷണിച്ചിരുന്നത്.

ഭരണഘടനയും ന്യൂനപക്ഷ അവകാശങ്ങളും എന്ന വിഷയത്തിലാണ് സെമിനാര്‍ സംഘടിപ്പിച്ചിരുന്നത്. സുധാകരന്‍ എത്തുമെന്ന് അറിയിച്ചെങ്കിലും പരിപാടിക്ക് മുന്‍പ് വിളിച്ചിട്ട് ഫോണ്‍ എടുത്തില്ലെന്ന് വേദിയില്‍ ലീഗ് ജില്ലാ പ്രസിഡന്റ് എഎം നസീര്‍ പറഞ്ഞു. രമേശ് ചെന്നിത്തലയാണ് സെമിനാറിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

സ്വന്തം പാര്‍ട്ടിയുടെ പരിപാടിക്ക് സുധാകരനെ വിളിക്കാറില്ലെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ജി സുധാകരനെ ആര്‍ക്കും ഒതുക്കാനാവില്ല. വിലക്കിയാല്‍ പിന്മാറുന്നയാളല്ല സുധാകരന്‍. സെമിനാറിന് വന്നില്ലെങ്കിലും അദ്ദേഹത്തിന്റെ മനസ്സ് ഒപ്പമുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മതേതര സംരക്ഷണത്തില്‍ ലീഗ് മുന്നിലാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.