വി ഇ ഗഫൂറിന് സീറ്റ് ലഭിച്ചത് തന്റെ മകനായതു കൊണ്ടല്ല എന്ന് വി കെ ഇബ്രാഹിംകുഞ്ഞ്. മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ മകൻ അഡ്വ. വി ഇ ഗഫൂറിനെ സിറ്റിംഗ് സീറ്റായ കളമശ്ശേരിയില്‍ യുഡിഎഫ് സ്ഥാനാർത്ഥിയായി മുസ്ലിം ലീഗ് പ്രഖ്യാപിച്ചിരുന്നു. സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വികാരാധീനനായി പ്രതികരിക്കുകയായിരുന്നു ഇബ്രാഹിംകുഞ്ഞ്. തന്നെപ്പോലെ സാധാരണക്കാരനായ ഒരാളെ പാര്‍ട്ടി ഉയര്‍ത്തിക്കൊണ്ടു വന്നെന്നും താന്‍ എക്കാലവും ജനങ്ങളുടെ സേവകനായിരുന്നെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.
മുസ്ലിം ലീഗ് തനിക്ക് നല്‍കിയ അവസരങ്ങളെ കുറിച്ച് വിവരിക്കവെ കരഞ്ഞു കൊണ്ടായിരുന്നു ഇബ്രാഹിംകുഞ്ഞ് സംസാരിച്ചത്. നാല് തവണ എംഎൽഎയാകാനും രണ്ട് തവണ മന്ത്രിയാകാനും പാർട്ടി അവസരം നൽകിയെന്നും പാർട്ടിക്ക് നന്ദിയെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. സാധാരണക്കാരനായ ഒരാളെ ഒരു പാര്‍ട്ടിയും ഇങ്ങനെ ഉയര്‍ത്തിക്കൊണ്ട് വരില്ല എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ടത്. മുസ്ലിം ലീഗ് ബാഫഖി തങ്ങളുടെ കാലം മുതല്‍, പാണക്കാട് തങ്ങള്‍മാരുടെ കാലം മുതല്‍ അനുവര്‍ത്തിക്കുന്ന നയം എക്കാലവും പിന്തുടരും എന്നതില്‍ സംശയമില്ല എന്നും ഇടറിയ ശബ്ദത്തോടെ ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.
Read more
മുസ്ലിം ലീഗിന്‍റെ സംഘടനാതലത്തിൽ വിവിധ പദവികൾ വഹിച്ചയാളാണ് അഭിഭാഷകനായി പ്രവർത്തിക്കുന്ന മകൻ വി ഇ ഗഫൂർ എന്ന് ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. മറ്റുള്ളവരെ പോലെ ജനങ്ങൾക്ക് വിധേയനായി മകനും പ്രവർത്തിക്കുമെന്നാണ് തന്റെ ആത്മവിശ്വാസമെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. പാലാരിവട്ടം പാലം അഴിമതി തന്റെ സ്ഥാനാർത്ഥിത്വത്തെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നാണ് ഇബ്രാഹിംകുഞ്ഞ് അഭിപ്രായപ്പെട്ടത്. പുതിയ ആളുകൾ വരട്ടെയെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. അവസരം നൽകിയതിന് പാർട്ടിയോട് നന്ദിയെന്നാണ് ഇബ്രാഹിംകുഞ്ഞിന്‍റെ മകനും സ്ഥാനാർത്ഥിയുമായ വി ഇ ഗഫൂർ പ്രതികരിച്ചത്.