'കോടി'ക്കുരുക്ക് അഴിക്കാന്‍ ഗണേഷ് കുമാര്‍; രാഹുല്‍ കൃഷ്ണയുമായി കൂടിക്കാഴ്ച നടത്തി; വിവാദം ഒതുക്കാമെന്ന പ്രതീക്ഷയില്‍ സിപിഐഎം

സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മൂത്ത മകനായ ബിനോയ് കോടിയേരിയുടെ സാമ്പത്തിക തട്ടിപ്പ് വിവാദത്തില്‍ മധ്യസ്ഥനായി കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ. സംഭവം സിപിഐഎമ്മിനും ഇടതു മുന്നണിക്കും തലവേദനയായി മാറിയതോടെയാണ് രമ്യമായി പരിഹരിക്കാന്‍ കെ.ബി ഗണേഷ് കുമാറിന്റെ സഹായം തേടിയത്. ഇതിനെ തുടര്‍ന്ന് പരാതികാരനായ രാഹുല്‍ കൃഷ്ണയുമായി കെ. ബി ഗണേഷ് കുമാര്‍ കൊട്ടരക്കരയിലെ ഹോട്ടലില്‍ കൂടികാഴ്ച്ച നടത്തി. ഏകദേശം പത്തു മിനിറ്റില്‍ താഴെ മാത്രമായിരുന്നു കൂടികാഴ്ച്ച നീണ്ടത്.

പരാതികാരനായ രാഹുല്‍ കൃഷ്ണയുടെ പിതാവിനു കേരള കോണ്‍ഗ്രസ് ബി നേതാവും കെ. ബി ഗണേഷ് കുമാറിന്റെ പിതാവുമായ കെ. ബാലകൃഷ്ണപിള്ളയുമായി അടുത്ത ബന്ധമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇതേ തുടര്‍ന്നാണ് ഗണേഷ് കുമാറിനെ ചര്‍ച്ചയ്ക്കു നിയോഗിക്കാന്‍ സിപിഐഎം തീരുമാനിച്ചത്.

പ്രശ്‌നം ചെക്ക് മടങ്ങിയത് ആയതു കൊണ്ട് പണം നല്‍കി പരിഹരിക്കാന്‍ ധാരണയെന്ന സൂചനയാണ് പുറത്തു വരുന്നത്. ചര്‍ച്ചയില്‍ രാഹുല്‍ കൃഷ്ണയുടെ ഭാര്യപിതാവ് രാജേന്ദ്രനും സംബന്ധിച്ചിരുന്നു. ഇതോടെ വിവാദം അവസാനിക്കുമെന്നാണ് ലഭിക്കുന്ന വാര്‍ത്തകള്‍.

ദുബായില്‍ 13 കോടി രൂപയുടെ പണം തട്ടിച്ചതായിട്ടാണ് കോടിയേരി ബാലകൃഷണന്റെ മകനെതിരെ രാഹുല്‍ കൃഷ്ണന്റെ പരാതി. ദുബായില്‍ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ പണം തട്ടിയെന്നാണ് പരാതിയാണ് സിപിഐഎമ്മിനു നാണക്കേടായി മാറിയത്.