എന്‍സിപി പ്രവേശനം; മന്ത്രിയാകാനില്ല, വാര്‍ത്തകള്‍ നിഷേധിച്ച് ഗണേഷ് കുമാറും

ആര്‍. ബാലകൃഷ്ണപിള്ള നേതൃത്വം നല്‍കുന്ന കേരളാ കോണ്‍ഗ്രസ് (ബി) എന്‍സിപിയിലേക്ക് ലയിക്കുന്നുവെന്ന വാര്‍ത്ത തള്ളി എംഎല്‍എയും ബാലകൃഷ്ണപിള്ളയുടെ മകനുമായ ഗണേഷ് കുമാര്‍. എന്‍സിപിയുമായി ഒരു തരത്തിലുള്ള ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും മന്ത്രിയാകാനില്ലെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി.

മന്ത്രിയാകാന്‍ തനിക്ക് താല്‍പര്യമില്ല. പുറത്തുവരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. പാര്‍ട്ടി പിളര്‍ത്താന്‍ ഒരു നീക്കവും നടത്തിയിട്ടില്ല. ഇടതുമുന്നണിക്ക് താല്പര്യമുണ്ടെങ്കില്‍ കേരള കോണ്‍ഗ്രസ് ബിയുടെ പ്രതിനിധി ആയിത്തന്നെ മന്ത്രിസഭയില്‍ എത്തുമെന്നും ഗണേഷ് പറഞ്ഞു.

ഇന്ന് രാവിലെയാണ് കേരളാ കോണ്‍ഗ്രസ് ബി എന്‍സിപിയ്ക്ക് ഒപ്പം ചേരുന്നുവെന്ന വാര്‍ത്ത മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്. എന്‍സിപിയിലെ രണ്ട് എംഎല്‍എമാരും മന്ത്രിസ്ഥാനത്തിന് അയോഗ്യരായതിനാല്‍ എ്ന്‍സിപിക്ക് ഒപ്പം ചേര്‍ന്നാണ് ഗണേഷ് കുമാറിന് മന്ത്രിയാകാന്‍ സാധിക്കും. ഇത് മുന്നില്‍ കണ്ടാണ് ബാലകൃഷ്ണപിള്ള എന്‍സിപിയിലേക്ക് ചേരുന്നതെന്നും വാര്‍ത്തകള്‍ വന്നിരുന്നു.

ഈ വാര്‍ത്ത കേരളത്തില്‍ പുതിയ രാഷ്ട്രീയ ചര്‍ച്ചകള്‍ ഉയര്‍ത്തിയതിന് പിന്നാലെയാണ് ഗണേഷ് കുമാറും ബാലകൃഷ്ണപിള്ളയും ഇത് നിഷേധിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. ഇത്തരം വാര്‍ത്തകള്‍ അസംബന്ധമാണെന്നും എന്‍സിപിയുമായി യാതൊരു ചര്‍ച്ചകളും നടത്തിയിട്ടില്ലെന്നുമായിരുന്നു ബാലകൃഷ്ണപ്പിള്ളയുടെ പ്രതികരണം.