ഗണേശോത്സവത്തെ സംഘപരിവാര്‍ ഡിജെ പാട്ട് വെച്ച് ആഭാസകരമായ രീതിയില്‍ രാഷ്ട്രീയ പരിപാടിയാക്കി മാറ്റിയെന്ന് വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി. വളരെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ നടത്തപ്പെടേണ്ട ആഘോഷമാണ് ഗണേശോത്സവം. എന്നാല്‍ സംഘികള്‍ ഡിജെ പാട്ടും വെച്ച് ആഭാസകരമായ രീതിയില്‍ ഗണേശോത്സവത്തെ രാഷ്ട്രീയ പരിപാടിയാക്കി മാറ്റുകയാണെന്ന് റിജില്‍ മാക്കുറ്റി വിമര്‍ശിച്ചു.
ഇത്തരം പ്രവണതകള്‍ക്കെതിരെ വിശ്വാസികള്‍ രംഗത്തിറങ്ങണമെന്നും ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പിലൂടെ റിജില്‍ മാക്കുറ്റി ആവശ്യപ്പെട്ടു. പയ്യാമ്പലം കടപ്പുറത്ത് അടിഞ്ഞ ഗണേശ വിഗ്രഹത്തിന്റെ ചിത്രവും കുറിപ്പിന് താഴെ പങ്കുവെച്ചാണ് റിജില്‍ മാക്കുറ്റിയുടെ വിമര്‍ശനം. ഭക്തിയുടെ മൊത്ത കച്ചവടക്കാര്‍ തങ്ങളാണെന്നാണ് സംഘികള്‍ പറയുന്നത്.
അവര്‍ നടത്തുന്ന ഗണേശോത്സവത്തെ ആരെങ്കിലും ചോദ്യം ചെയ്താല്‍ ഹിന്ദു വിരുദ്ധരെന്ന് ചാപ്പയടിക്കലാണ് സംഘികളുടെ പ്രധാന പണി. ഇത്തരം ആഭാസങ്ങള്‍ക്കെതിരെ വിശ്വാസികള്‍ രംഗത്ത് ഇറങ്ങണം. സംഘികളെല്ല ഗണേശോത്സവം നടത്തേണ്ടത്. വിശ്വാസ കേന്ദ്രങ്ങളായ അമ്പലങ്ങളും ക്ഷേത്രങ്ങളുമാണ് ഗണേശോത്സവം നടത്തേണ്ടതെന്നും റിജില്‍ മാക്കുറ്റി പറഞ്ഞു.
വിശ്വാസത്തെയും യഥാര്‍ത്ഥ വിശ്വാസികളെയും പരിഹസിക്കുന്നവരാണ് സംഘപരിവാര്‍. വിശ്വാസി സമൂഹം ഗണേശന്റെ പേരില്‍ സംഘികള്‍ നടത്തുന്ന കച്ചവട രാഷ്ട്രീയത്തെ തിരിച്ചറിയണമെന്നും റിജില്‍ മാക്കുറ്റി കുറിപ്പിലൂടെ ആവശ്യപ്പെട്ടു.