തിയറ്ററില്‍ നിന്ന് റിലീസ് സിനിമകള്‍ പകര്‍ത്തുന്ന തമിഴ്നാട് സംഘം കേരളത്തില്‍ പിടിയില്‍. തിരുവനന്തപുരം ഏരീസ്പ്ലെക്സ് തിയറ്ററില്‍ നിന്ന് ധനുഷ് ചിത്രം രായന്‍ മൊബൈലില്‍ പകര്‍ത്തുന്നതിനിടയിലാണ് സംഘത്തെ പൊലീസ് പിടികൂടിയത്. ഇവരെ ചോദ്യം ചെയ്യുന്നതിനായി കാക്കനാട് സൈബർ സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ട്.
തിരുവനന്തപുരത്തെ തിയറ്ററിൽ നിന്നും സിനിമ പകര്‍ത്തുന്നതിനിടയിലാണ് മധുര സ്വദേശി സ്റ്റീഫനെ കാക്കനാട് സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഒപ്പം ഉണ്ടായിരുന്ന മറ്റൊരാളെ പൊലീസ് ചോദ്യം ചെയ്തു. മധുരയില്‍ നിന്നുള്ളവരാണ് പിടിയിലായിരിക്കുന്നത്. തിയറ്ററിൽ നിന്ന് സിനിമ മൊബൈലിൽ പകർത്തി വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്ന സംഘമണിവർ.
സിനിമ പകർത്താൻ അനിയോജ്യമായ സീറ്റിംഗ് പൊസിഷന്‍ നോക്കി ഓണ്‍ലൈന്‍ ആയി ടിക്കറ്റ് ബുക്ക് ചെയ്താണ് ഇവര്‍ തിയറ്ററില്‍ എത്തുക. പിന്നീട് ട്രൈപോഡ് അടക്കം ഉപയോഗിച്ച് സിനിമ മൊബൈലില്‍ പകര്‍ത്തും. പലതവണയായി ആവർത്തിച്ച് വരുന്ന ഇത്തരം പ്രവർത്തികൾ ചെയ്യുന്നവർക്കെതിരെ നടപടി വേണമെന്ന് കുറേകാലമായി നിര്‍മ്മാതാക്കള്‍ ആവശ്യപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇപ്പോൾ ഒരുകൂട്ടം സംഘത്തെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
അതേസമയം നേരത്തെ ഗുരുവായൂര്‍ അമ്പലനടയില്‍ എന്ന ചിത്രം സമാന രീതിയില്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് ചിത്രത്തിന്‍റെ നിര്‍മ്മാതാവ് സുപ്രിയ മേനോന്‍ കാക്കനാട് സൈബര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. നിലവിൽ അറസ്റ്റിലായവരിൽ ഒരാൾ ഈ ചിത്രവും തിയറ്ററില്‍ നിന്ന് പകര്‍ത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.