സൈബര്‍ ആക്രമണം കൊണ്ട് പിന്തിരിപ്പിക്കാമെന്നു കരുതുന്നവര്‍ മൂഢസ്വര്‍ഗത്തില്‍; ഗായത്രിയെ പിന്തുണച്ച് പുരോഗമന കലാ സാഹിത്യ സംഘം

നടിയും, സാംസ്‌കാരിക പ്രവര്‍ത്തകയുമായ ഗായത്രി വര്‍ഷക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതിഷേധവുമായി പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി. മാനവികതയുടെ സന്ദേശം ഉയര്‍ത്തിപ്പിടിച്ച് കൊണ്ട് ഗായത്രി വര്‍ഷ കേരളത്തിലുടനീളം നടത്തുന്ന പ്രഭാഷണങ്ങളും , സാംസ്‌കാരിക ഇടപെടലുകളും വെറുപ്പിന്റെ വക്താക്കളെ പരിഭ്രാന്തരാക്കുന്നുണ്ട്. അതിന്റെ പ്രതിഫലനമാണ് ജീര്‍ണ്ണത നിറഞ്ഞു നില്‍ക്കുന്ന സൈബര്‍ ആക്രമണങ്ങള്‍. തൊഴിലിനെയും , സര്‍ഗാത്മക ഇടപെടലുകളെയും അപഹസിക്കുന്ന സൈബറിടങ്ങളിലെ മനുഷ്യവിരുദ്ധരുടെനീക്കം അതി നിന്ദ്യമാണെന്നും പ്രസിഡന്റ് ഷാജി എന്‍ കരുണും ജനറല്‍ സെക്രട്ടറി അശോകന്‍ ചരുവിലും പ്രസ്താവനയില്‍ പറഞ്ഞു.

ജീവിതത്തിന്റെ സകല സന്ദര്‍ഭങ്ങളിലും മനുഷ്യ സ്‌നേഹം ഉയര്‍ത്തിപ്പിടിക്കുന്ന സമരമുഖങ്ങളുടെ നേതൃനിരയില്‍ ഗായത്രി വര്‍ഷയുണ്ട്. പ്രതിഭാശാലിയായ ഈ കലാകാരിയെ നിന്ദ്യമായ സൈബര്‍ ആക്രമണം കൊണ്ട് പിന്തിരിപ്പിക്കാമെന്നു കരുതുന്നവര്‍ മൂഡസ്വര്‍ഗത്തിലാണ്. ജനാധിപത്യ മതേതര വിശ്വാസികള്‍ ഗായത്രി വര്‍ഷക്കൊപ്പം ധീരതയോടെ നില്‍ക്കും.

ഗായത്രി വര്‍ഷക്കെതിരായ സൈബര്‍ ആക്രമണത്തില്‍ സര്‍ഗാത്മക പ്രതിഷേധങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരണമെന്ന് പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.