പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇടതുമുന്നണി സംഘടിപ്പിച്ച സംഘടിപ്പിച്ച മനുഷ്യശൃംഖലയില്‍ പങ്കെടുത്തതിന്റെ കാരണം വ്യക്തമാക്കി യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. ഇന്ത്യയുടെ ഭരണഘടന അട്ടിമറിക്കപ്പെടുന്നുവെന്നുള്ള ഒരു ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഭരണഘടനയെ സംരക്ഷിക്കാന്‍ രാജ്യത്തെ പൗരനെന്ന നിലയില്‍ തനിക്ക് ഉത്തരവാദിത്വമുണ്ട് എന്ന ബോദ്ധ്യത്തിലാണ് മനുഷ്യശൃംഖലയില്‍ പങ്കെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അഭയാര്‍ത്ഥിയാകേണ്ടി വന്ന യേശു ക്രിസ്തുവിന്റെ അനുയായി ആയ തന്റെ ബാദ്ധ്യതയാണ് പ്രക്ഷോഭകരുടെ കൂടെ നില്‍ക്കേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
‘മനുഷ്യശൃംഖലയില്‍ പങ്കെടുത്തത് പ്രധാനമായും രണ്ട് കാരണങ്ങള്‍ കൊണ്ടാണെന്ന് ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറയുന്നു. ഒന്നാമത്തെ കാരണം താന്‍ ഒരു ഇന്ത്യന്‍ പൗരനായത് കൊണ്ടാണ്. “ഇന്ത്യയിലെ ഒരു പൗരനെന്ന നിലയില്‍ ഇന്ത്യയുടെ ഭരണഘടന അട്ടിമറിക്കപ്പെടുന്നുവെന്നുള്ള ഒരു ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഭരണഘടനയെ സംരക്ഷിക്കാന്‍ എനിക്കും ഉത്തരവാദിത്വമുണ്ട് എന്ന ബോദ്ധ്യത്തിലാണ് ആലപ്പുഴയിലെ ഒരു കണ്ണിയായി അവിടെ എത്തിച്ചത്” -ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞു.
രണ്ടാമതായി ഞാനൊരു ക്രിസ്ത്യാനിയായതു കൊണ്ടാണ്. യേശുക്രിസ്തു ഒരു അഭയാര്‍ത്ഥിയായിരുന്നു. ജനിച്ചയുടനെ തന്നെ സാമ്രാജ്യത്വശക്തികള്‍ ഉന്നം വെയ്ക്കുകയും അദ്ദേഹത്തെ നിഗ്രഹിക്കാന്‍ ആഗ്രഹിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ മാതാപിതാക്കള്‍ക്ക് മകനെയും കൊണ്ട് മറ്റൊരു രാജ്യത്തേക്ക് പലായനം ചെയ്യേണ്ടി വന്നൊരു അഭയാര്‍ത്ഥിയായിരുന്നു യേശുക്രിസ്തു. അതുകൊണ്ട് ദൈവത്തെ കാണേണ്ടത് അഭയാര്‍ത്ഥികളിലാണ്. അപരത്വം കല്‍പ്പിക്കപ്പെട്ടവരിലാണ്. ഇവിടെ മുസ്‌ലിം ജനവിഭാഗം നിയമത്തിന്റെ ബലിയാടായി മാറുന്ന സാഹചര്യത്തില്‍ അവരോട് ഒപ്പം നില്‍ക്കേണ്ടത് ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന ഭരണഘടന സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു വ്യക്തിയെന്ന നിലയില്‍ എന്റെ കൂടി ചുമതലയാണ്’- ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞു.
അതേസമയം, ഈ സാഹചര്യത്തില്‍ ലൗ ജിഹാദ് ആരോപിച്ച് മാറി നില്‍ക്കുന്നത് മതേതരസമൂഹം കാണുന്നുണ്ടെന്നും അത്തരക്കാരോട് സഹതാപമാണെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. മനുഷ്യ മഹാശൃംഖലയില്‍ ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കുറിലോസ് ആലപ്പുഴയിലായിരുന്നു കണ്ണി ചേര്‍ന്നത്. ഇതില്‍ പങ്കാളിയാവുമെന്ന് അദ്ദേഹം നേരത്തെ അറിയിച്ചിരുന്നു.