കോടികളുടെ ഭൂമി അഴിമതിയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്; 'ഭൂമി ഇടപാട് വിവാദങ്ങള്‍ മഞ്ഞുകട്ടയുടെ അറ്റം മാത്രം'

സീറോ മലബാര്‍ സഭയിലെ കോടികളുടെ ഭൂമി അഴിമതി വിവാദത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആഞ്ചേരിക്കെതിരെ യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. ഇന്നു ക്രൈസ്തവ സഭകളിലുണ്ടാകുന്ന ഭൂമി ഇടപാട് വിവാദങ്ങള്‍ മഞ്ഞുകട്ടയുടെ അറ്റം മാത്രമാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. പാവപ്പെട്ടവരുടെ മുന്നേറ്റമാകേണ്ട യേശുവിന്റെ സഭകള്‍ ഒരു വലിയ വ്യവസായ സ്ഥാപനം പോലെ കച്ചവടവല്‍ക്കരിക്കപ്പെടുന്നതിന്റെ പ്രശ്നങ്ങളാണിത്. സഭകളും പുരോഹിതരുമുള്‍പ്പെടെ യാതൊരു കുറ്റബോധവുമില്ലാതെ റിയല്‍ എസ്റ്റേറ്റ് വ്യവസായങ്ങളിലും മറ്റും ഏര്‍പ്പെടുന്നത് സഭകള്‍ക്ക് വന്നുഭവിച്ച ഈ പരിണാമത്തിന്റെ ഫലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രിസ്തുവും സഭകളും തമ്മിലുള്ള ദൂരം വര്‍ദ്ധിക്കുന്നു. ഒരു സമഗ്ര അഴിച്ചു പണിക്കും ആന്തരിക മാനസാന്തരത്തിനും എല്ലാ സഭകളും തയ്യാറാവേണ്ടിയിരിക്കുന്നുവെന്നും അദേഹം ഫേസ്ബുക്കില്‍ വ്യക്തമാക്കി.

ഗീവര്‍ഗീസ് കൂറിലോസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇന്ന് ക്രൈസ്തവ സഭകളില്‍ ഉണ്ടാകുന്ന ഭൂമി ഇടപാട് വിവാദങ്ങള്‍ മഞ്ഞുകട്ടയുടെ ഒരു അറ്റം മാത്രമാണ്. പാവപ്പെട്ടവരുടെ മുന്നേറ്റമാകേണ്ട യേശുവിന്റെ സഭകള്‍ ഒരു വലിയ വ്യവസായ സ്ഥാപനം പോലെ കച്ചവടവല്‍ക്കരിക്കപ്പെടുന്നതിന്റെ പ്രശ്നങ്ങളാണിത്. പല സഭകളും (ചില പുരോഹിതര്‍ ഉള്‍പ്പെടെ ) ഈ കാലത്ത് യാതൊരു കുറ്റബോധവും ഇല്ലാതെ റിയല്‍ എസ്റ്റേറ്റ് വ്യവസായങ്ങളിലും മറ്റും ഏര്‍പ്പെടുന്നത് സഭകള്‍ക്ക് വന്നു ഭവിച്ചിരിക്കുന്ന ഈ പരിണാമത്തിന്റെ ദുരന്തഫലമാണ്. യേരൂശലേം ദേവാലയത്തെ ചന്തയാക്കി മാറ്റിയവര്‍ക്കെതിരെ യേശു ക്രിസ്തു ചാട്ടവാര്‍ എടുത്തത് സഭകള്‍ ഓര്‍ക്കേണ്ടതാണ്. “നിങ്ങള്‍ക്ക് സമ്ബത്തിനെയും ദൈവത്തെയും ഒരേ സമയം സേവിക്കുവാന്‍ കഴികയില്ല” എന്ന ക്രിസ്തു പ്രബോധനവും സഭകള്‍ നഷ്ടപ്പെടുത്തുന്നു.

ക്രിസ്തുവും സഭകളും തമ്മിലുള്ള ദൂരം വര്‍ദ്ധിക്കുന്നു. ഒരു സമഗ്ര അഴിച്ചു പണിക്കും ആന്തരിക മാനസാന്തരത്തിനും എല്ലാ സഭകളും തയ്യാറാവേണ്ടിയിരിക്കുന്നു.

Read more

https://www.facebook.com/geevarghese.coorilos/posts/1360012740777207?pnref=story