ഇടുക്കി ജലവൈദ്യുതി നിലയത്തിലെ ജനറേറ്റര്‍ തകരാറില്‍; വൈദ്യുതോല്‍പാദനം ഭാഗികമായി തടസപ്പെട്ടു; പ്രതിസന്ധി നിലവില്ലെന്ന് കെഎസ്ഇബി അധികൃതര്‍

ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള മൂലമറ്റം വൈദ്യുതി നിലയത്തിലെ ജനറേറ്റര്‍ തകരാറിലായി. ഇതോടെ വൈദ്യുതോല്‍പാദനം പൂര്‍ണരീതിയിലാക്കാന്‍ സാധിക്കാത്ത സ്ഥിതിയിലാണ്.

മൂലമറ്റത്തെ മൂന്നാം നമ്പര്‍ ജനറേറ്ററിന്റെ സ്പെറിക്കല്‍ വാല്‍വാണ് തകരാറിലായിരിക്കുന്നത്.  പകരം വാല്‍വ് ഉള്ളതിനാല്‍ ഒരാഴ്ചക്കകം മാറ്റി സ്ഥാപിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ജനറേഷന്‍ വിഭാഗം. വാല്‍വ് തകരാറില്‍ ആയതോടെ ഒരു ജനറേറ്ററിന്റെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചിട്ടുണ്ട്.

മൂലമറ്റത്തുള്ള ആറ് ജനറേറ്ററുകളില്‍ അഞ്ചെണ്ണമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. കേരളത്തിന്റെ വിവിധ ഇടങ്ങളില്‍ ശക്തമായ വേനല്‍ മഴ ലഭിക്കുന്നതിനാല്‍ ജനറേറ്റര്‍ തകരാര്‍ വൈദ്യുത വിതരണത്തെ ബാധിക്കില്ലെന്ന് കെഎസ്ഇബി അധികൃതര്‍ വ്യക്തമാക്കി.

Read more

കേരളത്തില്‍ വൈദ്യുതി പ്രതിസന്ധി നിലവില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.  ഇന്നലെ മൂലമറ്റം വൈദ്യുതി നിലയത്തില്‍ 5.07 ദശ ലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉല്‍പാദിപ്പിച്ചത്. സംസ്ഥാനത്തെ മൊത്ത വൈദ്യുതി ഉപയോഗം 92 .123 ദശ ലക്ഷം യൂണിറ്റാണ്. ഇതില്‍ 76 .70 ദശലക്ഷം യൂണിറ്റ് വൈദ്യുതി പുറം സംസ്ഥാനങ്ങളില്‍ നിന്ന് വാങ്ങുകയാണ്.