കേരളത്തോട് ധനകാര്യ കമ്മീഷനെ സമീപിക്കാനാണ് പറഞ്ഞത്; വിവാദ പ്രസ്താവനയില്‍ പുതിയ വാദവുമായി ജോര്‍ജ് കുര്യന്‍

ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ നടത്തിയ വിവാദ പ്രസ്താവനയില്‍ മലക്കംമറിഞ്ഞ് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. കേരളത്തോട് ധനകാര്യ കമ്മീഷനെ സമീപിക്കാനാണ് പറഞ്ഞതെന്ന് ജോര്‍ജ് കുര്യന്‍ പറഞ്ഞു. കൂടുതല്‍ വിഹിതം ചോദിക്കുമ്പോള്‍ തീരുമാനമെടുക്കേണ്ടത് ധനകാര്യ കമ്മീഷനാണ്. ഇതിന് ശേഷമേ സര്‍ക്കാരിന് തീരുമാനമെടുക്കാനാവുകയുള്ളു എന്നാണ് താന്‍ പറഞ്ഞതെന്നും മന്ത്രി വാദിച്ചു.

കൂടുതല്‍ പണം ചോദിക്കുന്നത് വികസനത്തിനല്ലെന്നും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനാണെന്നും ജോര്‍ജ് കുര്യന്‍ കൂട്ടിച്ചേര്‍ത്തു. കേന്ദ്ര ബജറ്റില്‍ ആദ്യം സഹായം നല്‍കുന്നത് പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കെന്നും കേരളം പിന്നാക്കമാണെന്ന് പ്രഖ്യാപിച്ചാല്‍ സഹായം ലഭിക്കുമെന്നുമായിരുന്നു ജോര്‍ജ് കുര്യന്റെ പ്രസ്താവന.

കേന്ദ്ര മന്ത്രിയുടെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് സഹായം കൊടുക്കുന്നത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്, വിദ്യാഭ്യാസ, സാമൂഹിക, അടിസ്ഥാന സൗകര്യങ്ങളില്‍ പിന്നോക്കമാണ് കേരളമെന്ന് പറയണം. അങ്ങനെയാണെങ്കില്‍ കമ്മീഷന്‍ പരിശോധിച്ച് കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുമെന്നും മന്ത്രി പറഞ്ഞിരുന്നു.

തങ്ങള്‍ക്ക് റോഡില്ല, തങ്ങള്‍ക്ക് വിദ്യാഭ്യാസമില്ല, തങ്ങള്‍ക്ക് അങ്ങനെയുള്ള കാര്യമില്ല എന്ന് കേരളം പ്രഖ്യാപിച്ചാല്‍ സഹായം ലഭിക്കും. മറ്റ് സംസ്ഥാനങ്ങളെക്കാള്‍ വിദ്യാഭ്യാസപരമായി പിന്നാക്കമാണ്, സമൂഹികപരമായി പിന്നാക്കമാണ്, അടിസ്ഥാന സൗകര്യത്തിന്റെ കാര്യത്തില്‍ പിന്നാക്കമാണ് എന്ന് പറഞ്ഞാല്‍ അത് കമ്മീഷന്‍ പരിശോധിക്കുമെന്നും ജോര്‍ജ് കുര്യന്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.