കോഴിക്കോട് എൻഐടിയിൽ ഗോഡ്സെയെ പ്രകീർത്തിച്ച അധ്യാപികയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ‘ഗോഡ്‌സെ ഇന്ത്യയിലെ ആദ്യ തീവ്രവാദി’യെന്ന ബാനർ എസ്എഫ്ഐ എൻഐടിയിൽ ഉയർത്തി. എസ്എഫ്ഐ കോഴിക്കോട് എന്ന പേരിലാണ് എൻഐടിയിൽ ബാനർ സ്ഥാപിച്ചത്.
ഗോഡ്സെയെ അനുകൂലിച്ച് ഫേസ്ബുക്കിൽ കമന്റ് ഇട്ട എൻഐടി പ്രൊഫസർ ഷൈജ ആണ്ടവനെതിരെ കുന്നമംഗലം പൊലീസ് കേസെടുത്തിരുന്നു. ഐപിസി 153, കലാപം ഉണ്ടാക്കാന്‍ ഉള്ള ഉദ്ദേശത്തോടെ ഉള്ള പ്രകോപനം പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. മഹാത്മാ ഗാന്ധി രക്തസാക്ഷിത്വ ദിനത്തിലാണ് ഷൈജ ആണ്ടവൻ ഗാന്ധി നിന്ദ നടത്തിയത്.
‘ഗോഡ്‌സെ ഇന്ത്യയെ രക്ഷിച്ചതിൽ അഭിമാനമുണ്ട്’ എന്നായിരുന്നു പ്രൊഫസർ ഷൈജ ആണ്ടവന്റെ കമന്റ്. ‘ഹിന്ദു മഹാസഭ പ്രവർത്തകൻ നാഥുറാം വിനായക് ഗോഡ്‌സെ. ഭാരതത്തിലെ ഒരുപാടെടുപേരുടെ ഹീറോ’ എന്ന കുറിപ്പോടെ ഹിന്ദുത്വ നിലപാട് നിരന്തരം സ്വീകരിക്കുന്ന അഡ്വ. കൃഷ്ണ രാജ് എന്ന പ്രൊഫൈലിൽ നിന്നും പോസ്റ്റ് ചെയ്ത ഗോഡ്‌സെയുടെ ചിത്രത്തിന് താഴെയാണ് ഷൈജ ആണ്ടവൻ കമന്റിട്ടത്.
വിവാദമായതിന് പിന്നാലെ ഷൈജ ആണ്ടവന്‍ കമന്റ് ഡിലീറ്റ് ചെയ്തിരുന്നു. എന്നാൽ പ്രതികരണം തന്റേത് തന്നെയാണെന്നും നിലപാടിൽ ഇപ്പോഴും ഉറച്ച് നിൽക്കുന്നു എന്നുമാണ് ഷൈജ ആണ്ടവന്റെ നിലപാട്.