പരാതിയുമായി മുന്നോട്ട് തന്നെ; രാജന്റെ മക്കൾക്ക് സ്ഥലം വിട്ടുകൊടുക്കില്ലെന്ന് പരാതിക്കാരി വസന്ത

നെയ്യാറ്റിൻകരയിൽ തർക്കഭൂമി ഒഴിപ്പിക്കുന്നതിനിടെ ദേഹത്ത് പെട്രോളൊഴിച്ച ദമ്പതികൾ മരിച്ച സംഭവത്തിൽ, സ്ഥലവുമായി ബന്ധപ്പെട്ട പരാതിയുമായി മുന്നോട്ട് പോകുമെന്ന് പരാതിക്കാരി വസന്ത. നേരത്തെ കേസുമായി മുന്നോട്ട് പോകില്ലെന്ന് വസന്ത നിലപാടെടുത്തിരുന്നു എന്നാൽ അതിൽ നിന്നും ഇപ്പോൾ പിൻവാങ്ങിയിരിക്കുകയാണ്. തർക്കസ്ഥലം തന്റേതാണെന്ന് കോടതിയിൽ തെളിയിക്കുമെന്ന് പരാതിക്കാരിയായ വസന്ത പറഞ്ഞു. ഭൂമി തന്റേതാണെന്ന് തെളിയിച്ച ശേഷം വേറെ ആർക്കെങ്കിലും വിട്ടുകൊടുക്കുന്ന കാര്യം ആലോചിക്കാമെന്നും വസന്ത പറഞ്ഞു.

തനിക്ക് അർഹതപ്പെട്ട സ്ഥലമാണെന്നും ഗുണ്ടായിസം കാണിച്ചാണ് അത് തന്നിൽ നിന്നും കൈക്കലാക്കിയതെന്നും വസന്ത ആരോപിച്ചു. തന്റെ പക്കൽ സ്ഥലത്തിന്റെ അവകാശം തെളിയിക്കുന്ന എല്ലാ രേഖകളും ഉണ്ടെന്നും വസന്ത അവകാശപ്പെട്ടു.

താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും നിയമത്തിന്റെ വഴിയിലൂടെയാണ് പോയതെന്നും വസന്ത പറഞ്ഞു. തന്റെ  വസ്തുവല്ലെന്നാണ് ഇപ്പോള്‍ എല്ലാവരും പറയുന്നത്. വസ്തു തന്റേതാണെന്ന് തെളിയിക്കും. വേറെ ഏത് പാവങ്ങള്‍ക്ക് വേണമെങ്കിലും വസ്തു കൊടുക്കാം. എന്നാൽ രാജന്റെ മക്കൾക്ക് കൊടുക്കണമെങ്കില്‍ തന്നെ കൊല്ലേണ്ടി വരുമെന്നും വസന്ത പറഞ്ഞു.

എതിർ കക്ഷികളെ നിയമത്തിന്റെ മുന്നില്‍ മുട്ടുകുത്തിക്കുമെന്നും വസന്ത പറഞ്ഞു. കോളനിക്കാര്‍ ഒന്നിച്ച് നിന്ന് തന്നെ ഒരുപാട് ദ്രോഹിച്ചു. പാവങ്ങള്‍ക്ക് വേണമെങ്കില്‍ വസ്തു നല്‍കും. പക്ഷെ ഗുണ്ടായിസം കാണിച്ചവര്‍ക്ക് ഒരിക്കലും വസ്തു വിട്ടുനല്‍കില്ല വേണമെങ്കില്‍ അറസ്റ്റ് വരിക്കാനും ജയിലില്‍ കിടക്കാനും തയ്യാറാണെന്നും വസന്ത മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.