'പരാതി വസ്തുതകള്‍ മറച്ചു വെച്ചത്'; ഗോകുലം ചിറ്റ്സിനെതിരെ വ്യാജ ആരോപണം ഉന്നയിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഗോകുലം ഗോപാലൻ

ഗോകുലം ചിറ്റ്സിനെതിരെ വ്യാജ ആരോപണം ഉന്നയിച്ചതിൽ നിയമ നടപടി സ്വീകരിക്കുമെന്ന് ഗോകുലം ഗോപാലൻ. ഗോകുലം ചിട്‌സിനെതിരെ കേസ് നല്‍കിയത് ചിട്ടിയില്‍ കോടികള്‍ തിരിച്ചടയ്ക്കാതെ കോടതി ശിക്ഷിച്ച കളത്തില്‍ മുഹമ്മദ് ബഷീര്‍ ആണെന്നാണ് ആരോപണം. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച ഇരുവര്‍ക്കുമെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നാണ് ഗോകുലം ഗോപാലന്‍ അറിയിച്ചിരിക്കുന്നത്.

ഗോകുലം ചിറ്റ്‌സിന് എതിരെ മലപ്പുറം അലനല്ലൂര്‍ സ്വദേശി കളത്തില്‍ ബഷീറും ഭാര്യ ഷീജ എന്‍ പി യും നല്‍കിയ പരാതി വസ്തുതകള്‍ മറച്ചു വെച്ചതെന്ന് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുകയാണ് ബഷീറെന്ന് ഗോകുലം ഗോപാലന്‍ പറഞ്ഞു. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഗോകുലം ഗോപാലന്‍ അറിയിച്ചു.

കളത്തില്‍ ബഷീറും ഭാര്യ എന്‍ പി ഷീജയും ഗോകുലം ചിറ്റ്‌സിനെ കബളിപ്പിച്ചതിന് കോടതി ശിക്ഷിച്ചവരാണ്. പെരിന്തല്‍മണ്ണ ബ്രാഞ്ചിലെ നാല് ചിട്ടിയില്‍ ചേര്‍ന്ന് ഒരു കോടി 85 ലക്ഷം രൂപ വിളിച്ചെടുത്ത് ചിട്ടിപ്പണം തിരിച്ചടയ്ക്കാതെ കമ്പനിയെ പറ്റിക്കുകയായിരുന്നു. ഈ കേസില്‍ ഗോകുലം ചിറ്റ്‌സിന് അനുകൂലമായ വിധി ചെന്നൈ ചിട്ടി ആര്‍ബിട്രേഷന്‍ കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിനെതിരെ പ്രതികള്‍ അപ്പീല്‍ നല്‍കിയിരുന്നില്ല.

ഇതിന് പുറമേ പെരിന്തല്‍മണ്ണ മജിസ്‌ട്രേറ്റ് കോടതി 3 ചെക്ക് കേസുകളിലും പ്രതികള്‍ക്കെതിരെ ശിക്ഷ വിധിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ മറച്ചു വെച്ചാണ് കളത്തില്‍ ബഷീര്‍ ,ഭാര്യ ഷീജ എന്‍ പി എന്നിവരുടെ ഇപ്പോഴത്തെ നീക്കം. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച ഇരുവര്‍ക്കുമെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഗോകുലം ഗോപാലന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ചിട്ടിക്കേസുമായി ബന്ധപ്പെട്ട് വ്യാജ സീലും വ്യാജ ഒപ്പും അടക്കം വ്യാജ രേഖ നിർമിച്ചതിനാണ് ഗോകുലം ഗോപാലനെതിരെ കേസ് എടുത്തിരിക്കുന്നത്. പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് ബഷീറിൻ്റെ പരാതിയിൽ കേസെടുക്കാതിരുന്ന പൊലീസ് പെരിന്തല്‍മണ്ണ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിന് പിന്നാലെയാണ് കേസെടുത്തത്. ഗോകുലം ഗോപാലനും ഭാര്യയും അടക്കം ഗോകുലം ചിറ്റ് ഫണ്ടിന്റെ ഡയറക്ടർമാരെല്ലാം കേസിൽ പ്രതികളാണ്.

Read more