പൊന്നിൽ പൊള്ളി കേരളം ! വില ഇന്നും മുകളിലേക്ക്..

ഇനി താഴേക്കൊരു പോക്കില്ല എന്ന രീതിയിലാണ് സ്വർണവിലയുടെ ഇപ്പോഴത്തെ പോക്ക്. സ്വർണാഭരണ പ്രേമികൾക്കും വിവാഹ ആവശ്യങ്ങൾക്കായി സ്വർണാഭരണങ്ങൾ വാങ്ങാൻ തയാറെടുത്തിരിക്കുന്നവരുടെയും ചങ്കിടിപ്പിച്ച് തുടർച്ചയായ നാലാം ദിവസവും വൻ കുതിപ്പാണ് സ്വർണവിലയിൽ ഉണ്ടായിരിക്കുന്നത്. ഇതോടെ സർവകാല റെക്കോഡിലാണ് സ്വർണം ഇന്ന് ആഭ്യന്തര വിപണിയിൽ വ്യാപാരം നടത്തുന്നത്. ആഗോള വിപണിയിലും സ്വർണവിലയിൽ വർധന ഉണ്ടായിട്ടുണ്ട്.

ഒരു പവന് ഇന്ന് 200 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിൻ്റെ വില 71,560 രൂപയായി. ഇന്നലെ 71,360 രൂപയായിരുന്നു പവൻ്റെ വില. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 8,945 രൂപയാണ്. ചരിത്രത്തിലെ എക്കാലത്തേയും ഉയർന്ന വിലയാണിത് എന്നതും എടുത്തു പറയേണ്ടതാണ്. ഇന്നത്തെ 24 കാരറ്റ് സ്വർണ്ണത്തിൻ്റെ വില 1 ഗ്രാമിന് 9,758 രൂപയും, 22 കാരറ്റ് സ്വർണ്ണത്തിൻ്റെ വില 1 ഗ്രാമിന് 8,945 രൂപയും 18 കാരറ്റ് സ്വർണ്ണത്തിൻ്റെ വില 1 ഗ്രാമിന് 7,319 രൂപയുമാണ്.

ഈ വർഷം തുടക്കം, അതായത് ജനുവരി ഒന്നിന് പവന്റെ വില 57,200 രൂപയായിരുന്നു. എന്നാൽ ഈ ചെറിയ കാലയളവിനുള്ളിൽ സ്വർണവില പലതവണയാണ് റെക്കോഡ് തിരുത്തിയത്. ഈ മാസം ഏപ്രിൽ എട്ടിന് സ്വർണവില 65,800 ലേക്ക് ഇടിഞ്ഞതോടെ ഉപഭോക്താക്കൾക്ക് ചെറിയൊരു ആശ്വാസം ലഭിച്ചിരുന്നുവെങ്കിലും പിന്നീട് നാളിതുവരെയുള്ള എല്ലാ റെക്കോഡുകളും ഭേദിച്ചുകൊണ്ട് മുന്നോട്ട് തന്നെയാണ് സ്വർണവില കുതിക്കുന്നത്.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തുടങ്ങി വെച്ച താരിഫ് യുദ്ധമാണ് സ്വർണവിലയിലും പ്രതിഫലിക്കുന്നത്. ആഗോളവിപണിയിലെ വിലയിൽ ഉണ്ടാകുന്ന ചാഞ്ചാട്ടം ആഭ്യന്തര വിപണികളിലും പ്രതിഫലിക്കും ഇതിനാൽ തന്നെ നിലവിലെ താരിഫ് യുദ്ധങ്ങളും സാമ്പത്തിക അനിശ്ചിതത്വവും മാറിയാൽ മാത്രമേ സ്വർണവിലയിൽ കുറവുണ്ടാവുകയുള്ളു. ട്രംപ് മറ്റ് രാജ്യങ്ങൾക്ക് താരിഫ് ഏർപ്പെടുത്തുന്നത് മരവിപ്പിച്ചിട്ടുണ്ടെങ്കിലും ചൈനയ്ക്ക് ഇത് ബാധകമല്ല. അതിനാൽ ചൈന തിരിച്ച് യുഎസിനും താരിഫ് ചുമത്താൻ തീരുമാനിച്ചിരിക്കുകയാണ്. ഈ പ്രതിസന്ധിയാണ് സ്വർണവിപണിയെയും സ്വാധീനിക്കുന്നത്.

എന്തായാലും വിവാഹം അടക്കമുള്ള വിശേഷാവശ്യങ്ങൾക്കായി വലിയ തോതിൽ സ്വർണം വാങ്ങാൻ തയ്യാറായി നിൽക്കുന്നവർക്ക് നിരാശ തന്നെയാണ് ഫലം. കേരളത്തിൽ വിവാഹ സീസൺ തുടങ്ങിയതിനാൽ ഈ സമയം സ്വർണത്തിന് ഡിമാൻഡ് കൂടുതലുമാണ്. വിവാഹ ആവശ്യങ്ങൾക്കായി വലിയ തോതിലാണ് സ്വർണം ജ്വലറികളിൽ നിന്നും വാങ്ങുന്നത്.

ജ്വലറികളിൽ പവൻ വില മാത്രമല്ല നൽകേണ്ടത് എന്നതും മലയാളികളുടെ നെഞ്ചിടിപ്പ് കൂട്ടുന്ന ഒരു കാര്യമാണ്. കാരണം മൂന്ന് ശതമാനം ജി.എസ്.ടിയ്ക്കും 53.70 എന്ന ഹാൾമാർക്കിംഗ് ചാർജ് എന്നിവയ്‌ക്കൊപ്പം പണിക്കൂലിയും കൊടുക്കേണ്ടി വരും. ഓരോ ജ്വല്ലറികളിലും പലതരത്തിലാണ് പണിക്കൂലി ഈടാക്കുന്നത്. രണ്ട് ശതമാനം മുതൽ 30 ശതമാനം വരെ പണിക്കൂലി ഈടാക്കുന്ന ജ്വല്ലറികളുമുണ്ട്.

അതായത്, അഞ്ച് ശതമാനം പണിക്കൂലിയുള്ള സ്വർണഭരണത്തിന് ഇന്നത്തെ പവൻവില അനുസരിച്ച് 77000 രൂപയെങ്കിലും നൽകേണ്ടി വരുമെന്ന് ചുരുക്കം. ഈ സമയത്ത് ജ്വല്ലറികളിലെ അഡ്വാൻസ് ബുക്കിംഗ് സ്‌കീം ഉപഭോക്താക്കൾക്ക് ഉപയോഗിക്കാവുന്നതാണ്. ഒട്ടുമിക്ക ജ്വല്ലറികളും മുൻകൂർ ബുക്കിങ് സൗകര്യം നൽകുന്നുണ്ട്. ബുക്ക് ചെയ്ത ദിവസത്തെയും വാങ്ങുന്ന ദിവസത്തെയും വില താരതമ്യം ചെയ്ത്, ഏത് വിലയാണോ കുറവ് ആ വിലയ്ക്ക് സ്വർണം സ്വന്തമാക്കാമെന്നതാണ് നേട്ടം. അതായത്, ബുക്ക് ചെയ്തശേഷം വില കൂടിയാലും ഉപഭോക്താവിനെ ബാധിക്കില്ല.

ഓരോ വർഷവും ടൺ കണക്കിന് സ്വർണമാണ് ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളായ ഇന്ത്യയിൽ ഇറക്കുമതി ചെയ്യപ്പെടുന്നത്. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചാഞ്ചാട്ടങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും. അതേസമയം ഭാവിയിൽ സ്വർണവിലയിൽ വലിയ ഇടിവ് പ്രതീക്ഷിക്കേണ്ടതില്ല എന്നാണ് വിദഗ്ധരുടെ അഭിപ്രായം.

Read more