'സ്വര്‍ണക്കടത്ത് കേസ് വിചാരണ കേരളത്തില്‍ വേണ്ട, സ്വപ്ന രഹസ്യമൊഴി നല്‍കിയത് സ്വന്തം ഇഷ്ടപ്രകാരം'; ഇ.ഡി സുപ്രീംകോടതിയില്‍

സ്വര്‍ണക്കടത്ത് കേസില്‍ കേരളത്തില്‍ നീതിയുക്തമായ വിചാരണ നടക്കില്ലെന്ന് ആവര്‍ത്തിച്ച് ഇ.ഡി. സുപ്രീംകോടതിയില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. സ്വപ്നയുടെ മൊഴി രാഷ്ട്രീയ പ്രേരിതമെന്ന ആരോപണം ഇ.ഡി തള്ളി. സ്വപ്ന രഹസ്യമൊഴി നല്‍കിയത് സ്വന്തം ഇഷ്ടപ്രകാരമാണെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.

സ്വര്‍ണക്കടത്തിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട ഇ.ഡി കേസിലെ വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് അന്വേഷണ ഏജന്‍സി ഹര്‍ജി നല്‍കിയത്. കേരളത്തില്‍ വിചാരണ നടപടികള്‍ നടന്നാല്‍ അത് അട്ടിമറിക്കപ്പെടുമെന്നാണ് ഇ.ഡിയുടെ ഹര്‍ജിയിലെ ആരോപണം. ഇതിനിടെ ഇ.ഡിയുടെ ആവശ്യത്തെ പിന്തുണച്ച് പ്രതികളായ സരിത്തും സ്വപ്നയും കോടതിയെ സമീപിച്ചു.

ഇ.ഡിയുടെ ആവശ്യം സാങ്കല്‍പിക ആശങ്കയാണെന്നും സംസ്ഥാനത്തെ ജൂഡീഷ്യറിയെ കളങ്കപ്പെടുത്താനുള്ള നീക്കമാണെന്നും സംസ്ഥാന സര്‍ക്കാര്‍ വാദിച്ചിരുന്നു. കേസില്‍ പ്രതിയായ എം ശിവശങ്കറും കോടതിയില്‍ തടസ ഹര്‍ജി നല്‍കിയിട്ടുണ്ട്.