തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിന്റെ ജാമ്യാപേക്ഷ തള്ളി. കൊച്ചി എന്‍ഐഎ കോടതിയാണ് ജാമ്യ ഹർജി തള്ളിയത്. കേസ് ഡയറിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് സ്വപ്‌നയ്ക്ക് ജാമ്യം നിഷേധിക്കുന്നതെന്ന് കോടതി പറഞ്ഞു.
സ്വപ്‌ന സ്വര്‍ണക്കടത്തില്‍ പങ്കാളിയായതില്‍ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി നിരീക്ഷിച്ചു. യു.എ.പി.എ അനുസരിച്ചുള്ള കുറ്റകൃത്യമാണ് ചെയ്തതെന്നും പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നും കോടതി പറഞ്ഞു. സ്വപ്‌നയുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷനും ശക്തമായി എതിര്‍ത്തു.
നേരത്തെ ജാമ്യാപേക്ഷ പരിഗണിക്കവേ സ്വര്‍ണക്കടത്ത് കേസില്‍ യുഎപിഎ എങ്ങനെ നിലനില്‍ക്കുമെന്ന് എന്‍ഐഎയോട് കോടതി ചോദിച്ചിരുന്നു. ഇതേതുടര്‍ന്ന് അന്വേഷണ വിവരങ്ങള്‍ അടങ്ങിയ കേസ് ഡയറി എന്‍ഐഎ സംഘം കോടതിയില്‍ ഹാജരാക്കിയിരുന്നു.
അതേസമയം കേസില്‍ യുഎപിഎ നിലനില്‍ക്കില്ലെന്നാണ് സ്വപ്നയുടെ അഭിഭാഷകന്‍ വാദിച്ചത്. കള്ളക്കടത്ത് കേസിൽ കസ്റ്റംസ് നിയമങ്ങൾ മാത്രമേ ബാധകമാകൂ എന്നും യുഎപിഎ വകുപ്പുകള്‍ നിലനിൽക്കില്ല എന്നുമാണ് സ്വപ്നയുടെ അഭിഭാഷകന്‍ വാദിച്ചത്. സ്വപ്‌നയുടെ ചില മൊഴികളുമായി ബന്ധപ്പെട്ട രേഖകള്‍ മാത്രമാണ് ഹാജരാക്കാന്‍ സാധിച്ചതെന്നും മറ്റ് തെളിവുകളില്ലെന്നും അവര്‍ വാദിച്ചിരുന്നു.
ജൂലൈ അഞ്ചിനാണ് സ്വര്‍ണം പിടികൂടുന്നതെന്നും ഒമ്പതാം തിയതി കേസ് എന്‍ഐഎക്ക് കൈമാറിയെന്നും ഈ സമയത്തിനിടയില്‍ എന്ത് തീവ്രവാദ ബന്ധമാണ് പുറത്തു വന്നതെന്നും സ്വപ്നയുടെ അഭിഭാഷകന്‍ ചോദിച്ചിരുന്നു. ഇത് വെറുമൊരു നികുതിവെട്ടിപ്പു മാത്രമാണെന്നും സ്വപ്ന സുരേഷിന്റെ അഭിഭാഷകന്‍ വാദിച്ചിരുന്നു.
കേസിൽ യുഎഇ കോൺസൽ ജനറലിനെതിരെയും സ്വപ്ന മൊഴി നൽകിയിരുന്നു. സ്വർണക്കടത്ത് അടക്കം എല്ലാ ഇടപാടിലും കോൺസൽ ജനറൽ കമ്മീഷൻ കൈപ്പറ്റിയെന്നാണ് സ്വപ്ന സുരേഷ് അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന മൊഴി. ലോക്ക് ഡൗണിന് മുമ്പ് നടത്തിയ 20 കളളക്കടത്തിലും കോൺസൽ ജനറലിന് കമ്മീഷൻ നൽകിയെന്നാണ് സ്വപ്നയുടെ മൊഴി. യുഎഇ കോൺസുലേറ്റ് സംഘടിപ്പിച്ച എല്ലാ പരിപാടികൾക്കും കോൺസൽ ജനറൽ കമ്മീഷൻ വാങ്ങിയിരുന്നു. രണ്ട് ലക്ഷം ഡോളറുമായിട്ടാണ് ലോക് ഡൗണിന് മുമ്പ് കോൺസൽ ജനറൽ രാജ്യം വിട്ടതെന്നും മൊഴിയിലുണ്ട്.
Read more
സമ്പാദ്യമെല്ലാം ഡോളറുകളാക്കി നയതന്ത്ര പരിരക്ഷ ഉപയോഗിച്ചായിരുന്നു കോൺസൽ ജനറലിൻ്റെ മടക്കം. ഇതിനു മുമ്പും സമാനമായ രീതിയിൽ പണം കോൺസൽ ജനറൽ കൊണ്ടു പോയിട്ടുണ്ട്. ഒരിക്കൽ താനും സരിത്തും കോൺസൽ ജനറലിനെ ദുബായിലേക്ക് അനുഗമിച്ചെന്നും കസ്റ്റംസിന് നൽകിയ മൊഴിയിൽ സ്വപ്ന പറയുന്നു. പലപ്പോഴായി കിട്ടിയ കമ്മീഷൻ തുക കോൺസൽ ജനറൽ യൂറോപ്പിൽ മറ്റൊരു ബിസിനസിൽ മുടക്കിയെന്നാണ് സ്വപ്ന പറയുന്നത്.