സ്വർണക്കടത്ത്; ഫൈസല്‍ ഫരീദിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കി

തിരുവനന്തപുരം വിമാനത്താവളത്തിൽ യു.എ.ഇ നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയ കേസിലെ മൂന്നാം പ്രതി ഫൈസൽ ഫരീദിന്റെ പാസ്പോർട്ട് റദ്ദാക്കി. കസ്റ്റംസിന്റെ നിർദേശം അനുസരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രാലയമാണ് പാസ്പോർട്ട് റദ്ദാക്കിയത്. ഈ വിവരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയും ബ്യൂറോ ഓഫ് എമിഗ്രേഷനെയും അറിയിച്ചു എന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്തു.

ഫൈസൽ ഫരീദിനെ എത്രയും വേഗം ഇന്ത്യയിലെത്തിക്കാനുള്ള നടപടികളുടെ ഭാഗമായാണ് കേന്ദ്ര സർക്കാർ പാസ്പോർട്ട് റദ്ദാക്കിയത്. ഇതോടെ ഫൈസൽ ഫരീദിന് യു.എ.ഇയിൽ നിൽക്കുക ബുദ്ധിമുട്ടാകും. യു.എ.ഇയിൽനിന്ന് മറ്റൊരു രാജ്യത്തേക്ക് കടന്നുകളയാനും സാധ്യമല്ല.

Read more

കൊടുങ്ങല്ലൂർ മൂന്നുപീടിക സ്വദേശിയായ ഫൈസൽ ഫരീദാണ് നയതന്ത്ര ബാഗേജ് എന്നപേരിൽ സ്വർണം അയച്ചതെന്നാണ് ആരോപണം. എന്നാൽ താൻ നിരപരാധിയാണെന്ന് പറഞ്ഞ് ഫൈസൽ രംഗത്തെത്തിയിരുന്നെങ്കിലും മണിക്കൂറുകൾക്കകം ദുബായിലെ താമസസ്ഥലത്ത് നിന്ന് കാണാതാവുകയായിരുന്നു. ഫൈസൽ ഫരീദിനെതിരേ എൻ.ഐ.എ. കോടതി ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചിട്ടുണ്ട്. അതിനിടെ ഇന്റർപോൾ വഴി ബ്ലൂകോർണർ നോട്ടീസ് പുറപ്പെടുവിക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്.