കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്താന്‍ സഹായിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. സിഐഎസ്എഫ് അസിസ്റ്റന്റ് കമാന്‍ഡന്റ് നവീന്‍ ആണ് പൊലീസ് പിടിയിലായത്. ഇയാളുടെ ഫ്‌ളാറ്റില്‍ പൊലീസ് നടത്തിയ പരിശോധനയ്ക്ക് ശേഷമായിരുന്നു അറസ്റ്റ്. കൊണ്ടോട്ടി ഡിവൈഎസ്പി ഓഫീസിലെത്തിച്ച് നവീനെ പൊലീസ് ചോദ്യം ചെയ്യും.
വിമാനത്താവളം വഴി സ്വര്‍ണം കടത്തുന്ന സംഘത്തില്‍ നിന്ന് പണം കൈപ്പറ്റി സ്വര്‍ണ കടത്തിന് സഹായിച്ചതിന് പൊലീസ് ഇയാള്‍ക്കെതിരെ അഴിമതി നിരോധന നിയമ പ്രകാരം കേസെടുത്തിട്ടുണ്ട്. കസ്റ്റംസിലെ ഒരു ഉദ്യോഗസ്ഥനും സംഭവത്തില്‍ പങ്കുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. കഴിഞ്ഞ ആഴ്ച വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്തിയവരെ പിടികൂടിയിരുന്നു. കേസില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഉദ്യോഗസ്ഥരുടെ പങ്ക് തിരിച്ചറിഞ്ഞത്.
Read more
പൊലീസ് നടത്തിയ അന്വേഷണത്തില്‍ വിമാനത്താവളത്തിലെ ലഗേജ് കൈകാര്യം ചെയുന്ന ജീവനക്കാരന്‍ ഷറഫ് അലി പിടിയിലായിരുന്നു. ഇയാളുടെ ഫോണില്‍ നിന്നും കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി ലിസ്റ്റ് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥനിലേക്ക് എത്തിയത്. ഓരോ തവണ സ്വര്‍ണം കടത്തുമ്പോഴും നവീന്‍ പണം കൈപ്പറ്റിയിരുന്നതായി പൊലീസ് പറയുന്നു.