'നിരോധനവും യുക്തമായ നടപടിയും ഒന്നാണെന്ന് ധരിച്ചുവശായ 'മഹാത്മാക്കള്‍ക്ക്' ഗുഡ്‌നൈറ്റ്'

മാധ്യമത്തിനെതിരെയുള്ള പോര് തുടര്‍ന്ന് കെ.ടി ജലീല്‍ എംഎല്‍എ. നിരോധനവും യുക്തമായ നടപടിയും ഒന്നാണെന്ന് ധരിച്ചുവശായ ‘മഹാത്മാക്കള്‍ക്ക്’ ഗുഡ്‌നൈറ്റ് എന്നാണ് ജലീലിന്റെ ഏറ്റവും പുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

മാധ്യമം നിരോധിക്കണമെന്ന് പറഞ്ഞിട്ടില്ലെന്നാണ് കെ.ടി ജലീല്‍ പറയുന്നത്. നിരവധി പേര്‍ ചികിത്സ കിട്ടാതെ മരിച്ചുവെന്ന വാര്‍ത്തയും ചിത്രവും മാധ്യമം പ്രസിദ്ധീകരിച്ചതിന്റെ നിജസ്ഥിതി അറിയാന്‍ ഒരു വാട്സ്ആപ്പ് മെസേജ് അന്നത്തെ കോണ്‍സുല്‍ ജനറലിന്റെ പിഎക്ക് വാട്സ്ആപ്പില്‍ മെസേജ് അയച്ചത് മാത്രമേ ഉള്ളുവെന്നാണ് ജലീലിന്റെ പക്ഷം.

അതേസമയം മാധ്യമത്തിനെതിരെ ജലീല്‍ അത്തരത്തിലൊരു നിലപാടെടുത്തത് ശരിയായില്ലെന്നാണ് സിപിഎം വിലയിരുത്തല്‍. മന്ത്രിയായിരിക്കുമ്പോള്‍ യുഎഇയ്ക്ക് കത്ത് എഴുതിയത് തെറ്റായ നടപടിയാണെന്നും പാര്‍ട്ടി വിലയിരുത്തിയിട്ടുണ്ട്. മാധ്യമത്തിനെതിരെ കെ ടി ജലീല്‍ കത്തെഴുതിയത് പാര്‍ട്ടിയുമായി ആലോചിച്ചിട്ടല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. മാധ്യമത്തിനെതിരെ അത്തരമൊരു നിലപാട് പാര്‍ട്ടിക്കില്ലെന്നും എല്ലാ എംഎല്‍എമാരും മന്ത്രിമാരും കത്തെഴുതുന്നത് പാര്‍ട്ടിയോട് ആലോചിച്ചിട്ടില്ലെന്നുമാണ് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.

ജലീലിന്റേത് പ്രോട്ടോക്കോള്‍ ലംഘനമാണെങ്കില്‍ നടപടിയെടുക്കേണ്ടത് വിദേശകാര്യമന്ത്രാലയമാണെന്ന് എംഎം മണിയും പ്രതികരിച്ചിരുന്നു.