നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഗുണ്ടാ നേതാവ് ഷമീം അറസ്റ്റിലായി. പൊന്നാനി സ്വദേശിയായ ഇയാള്‍ 15 ഓളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ഷമീം ലഹരി മാഫിയയുടെ തലവന്‍ കൂടിയാണെന്ന് പൊലീസ് പറയുന്നു. പൊന്നാനിയിലെ ഗുണ്ടാ ലിസ്റ്റിലെ പ്രധാനിയായ ഇയാള്‍ക്കെതിരെ കാപ്പ ചുമത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് ഗുണ്ടാ ലിസ്റ്റിലുള്ളവര്‍ക്ക് എതിരെ നടപടി ശക്തമാക്കിയതിനെ തുടര്‍ന്നാണ് ഷമീം അറസ്റ്റിലായത്. പൊന്നാനിയിലെ കര്‍മ്മ റോഡ്, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ എന്നിവടങ്ങളില്‍ തമ്പടിച്ച് ദമ്പതിമാരെയും കമിതാക്കളെയും അക്രമിച്ച് പിടിച്ചു പറി നടത്തുന്നതാണ് ഇയാളുടെ ഹോബി. ചെറുപ്പക്കാര്‍ക്ക് ന്യൂ ജെന്‍ ലഹരി വസ്തുക്കള്‍ എത്തിച്ച് നല്‍കുന്നതും ഇയാളാണന്ന് പൊലീസ് പറയുന്നു.
Read more
പൊന്നാനി സി.ഐ വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തില്‍ പൊലീസുകാരായ മഹേഷ്, നിഖില്‍, എസ്.ഐ കൃഷ്ണലാല്‍ എന്നിവര്‍ ചേര്‍ന്ന് സാഹസികമായാണ് ഷമീമിനെ പിടികൂടിയത്. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡില്‍ വിട്ടു. സംസ്ഥാനത്ത് ഗുണ്ടാ ലിസ്റ്റുകളില്‍ ഉള്ളവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ച് മുന്നോട്ട് പോവുകയാണ് പൊലീസ്. മോഷണം, വീടുകയറി ആക്രമണം, സ്ത്രീകള്‍ക്കു നേരെയുള്ള ആക്രമണം, ഗുണ്ടാപക തുടങ്ങി കൊലപാതകം വരെ വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് പൊലീസ് നടപടികള്‍ ശക്തമാക്കിയിരിക്കുന്നത്.