ക്യൂ നില്‍ക്കാതെ കുപ്പി കിട്ടി, പൊട്ടിച്ചപ്പോള്‍ കട്ടന്‍ ചായ; പരാതിയുമായി വയോധികന്‍

വിദേശമദ്യശാലയില്‍ ക്യൂ നിന്നയാളെ കബളിപ്പിച്ച് പൈസ തട്ടിയതായി പരാതി. മദ്യത്തിന് പകരം കുപ്പിയില്‍ കട്ടന്‍ചായ നല്‍കി പറ്റിച്ചതായി ആറ്റിങ്ങല്‍ സ്വദേശിയായ വയോധികന്‍ പരാതിപ്പെട്ടു. കായംകുളം കൃഷ്ണപുരത്തെ വിദേശ മദ്യവില്‍പ്പന ശാലയില്‍ ക്യൂ നിന്നയാളാണ് കബളിപ്പിക്കപ്പെട്ടത്.

വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. കാപ്പില്‍ ഭാഗത്ത് പൈപ്പ് പണിക്കെത്തിയതാണ് ഇയാള്‍. വിദേശമദ്യം വാങ്ങാനായി വരിയില്‍ പിറകില്‍ നിന്ന ഇയാളെ വരി നില്‍ക്കാതെ തന്നെ മദ്യം വാങ്ങിത്തരാമെന്ന് പറഞ്ഞ് ഒരാള്‍ സമീപിക്കുകയായിരുന്നു. മൂന്ന് കുപ്പികളാണ് നല്‍കിയത്. 1200 രൂപ വയോധികന്റെ കൈയില്‍ നിന്ന് ഈടാക്കി.

Read more

തുടര്‍ന്ന് പണിസ്ഥലത്തിന് അടുത്തുള്ള താമസ സ്ഥലത്തെത്തി കുപ്പിപൊട്ടിച്ചപ്പോളാണ് പറ്റിക്കപ്പെട്ടതായി മനസ്സിലായത്. കുപ്പികളില്‍ കട്ടന്‍ ചായയായിരുന്നു നിറച്ചിരുന്നത്.ഇതോടെ വയോധികന്‍ പൊലീസില്‍ പരാതിപ്പെട്ടു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.