Connect with us

KERALA

ഗൗരി ലങ്കേഷ് വധക്കേസില്‍ അറസ്റ്റിലായ പ്രതി എഴുത്തുകാരന്‍ കെ.എസ് ഭഗവാനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടതായി പൊലീസ്; നിര്‍ദേശം നല്‍കിയത് ഹിന്ദുസേന

, 2:58 pm

മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഹിന്ദുസേനാ പ്രവര്‍ത്തകന്‍ നവീന്‍ കുമാര്‍ എഴുത്തകാരനായ കെ.എസ് ഭഗവാനേയും വധിക്കാന്‍ പദ്ധതിയിട്ടതായി വെളിപ്പെടുത്തല്‍. ഗൗരി ലങ്കേഷിനെ വധിച്ച രീതിയില്‍ മതിപ്പുതോന്നിയ ഹിന്ദുസേന എഴുത്തകാരന്‍ ഭഗവാനെ കൊല്ലാനുള്ള ചുമതലയും നവിന്‍ കുമാറിനെ ഏല്‍പ്പിക്കുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍. ഇതിനു വേണ്ടി കൈവശം വെച്ച തോക്കും ഇയാളില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു.

മൈസൂരിലെ വീടിനു മുന്നില്‍ ഇയാള്‍ കൊല ആസൂത്രണം ചെയ്തതായും പറയുന്നു. തീവ്ര ഹിന്ദുത്വ വിമര്‍ശനം നടത്തുന്ന എഴുത്താകരനാണ് കെ.എസ്. ഭഗവാന്‍. മൈസൂര്‍ സര്‍വ്വകലാശാല റിട്ടയേര്‍ഡ് പ്രൊഫസര്‍ കൂടിയായ ഇദ്ദേഹത്തിന് ഗൗരി ലങ്കേഷിന്‍റെ   വധത്തിനു ശേഷം പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ഗൗരി ലങ്കേഷിനെ വധിക്കാന്‍ നടത്തിയ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നവീനെ നാര്‍ക്കോ അനാലിസിസ് പരിശോധനയ്ക്ക് വിധേയനാക്കാനും പൊലീസ് തീരുമാനിച്ചു. മുന്‍പ് നാര്‍ക്കോ അനാലിസിസ് പരിശോധനയ്ക്ക് ഇയാള്‍ വിസമ്മതം അറിയിച്ചിരുന്നെങ്കിലും പിന്നീട് സമ്മതിച്ചിരുന്നു. തിങ്കളാഴ്ച ബംഗളൂരു മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ നവീന്‍ കുമാറിന്റെ കസ്റ്റഡി കാലാവധി മാര്‍ച്ച് 26 വരെ നീട്ടിയിട്ടുണ്ട്.

ചിക്കമംഗളൂരു സ്വദേശിയായ ഇയാള്‍ക്ക് തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളായ സനാതന്‍ സന്‍സ്തയുമായും ഹിന്ദു ജനജാഗ്രതി സമിതിയുമായും അടുത്ത ബന്ധമുള്ളതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഗൂഢാലോചന തെളിയിക്കാനായാല്‍ കല്‍ബുര്‍ഗി, പന്‍സാരെ വധക്കേസുകളും തെളിയിക്കാനാവുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

അതേസമയം കെ.എസ് ഭഗവാനെ വധിക്കാന്‍ ശ്രമിച്ചതിന് കൂടി പ്രതിക്കെതിരെ കുറ്റം ചുമത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചു. പ്രതിയെ അറസ്റ്റ് ചെയ്യാന്‍ ഒരാഴ്ച കൂടി വൈകിയിരുന്നെങ്കില്‍ കെ.എസ് ഭഗവാന്‍ കൊല്ലപ്പെടുമായിരുന്നുവെന്നാണ് പൊലീസ് നിഗമനം.

അനധികൃതമായി ആയുധം കൈവശം കേസില്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത ഇയാളെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് ഗൗരി ലങ്കേഷ് കൊലക്കേസുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ ലഭിച്ചത്.2017 സെപ്റ്റംബര്‍ അഞ്ചിന് രാത്രി എട്ടുമണിക്കാണ് ഗൗരി ലങ്കേഷ് ബംഗളൂരുവിലെ സ്വവസതിക്ക് മുന്‍പില്‍ അക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെടുന്നത്.