മാധ്യമപ്രവര്‍ത്തകനായ കെ.എം.ബഷീറിനെ വാഹനമിടിച്ചു കൊന്ന കേസില്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം ലഭിച്ചതിനെതിരെ സര്‍ക്കാര്‍ ഇന്ന് അപ്പീല്‍ പോയേക്കും. കേസ് അന്വേഷിക്കുന്ന പ്രത്യേക ക്രൈംബ്രാഞ്ച് സംഘമാണ് എപ്പോള്‍ അപ്പീല്‍ നല്‍കണമെന്നത് സംബന്ധിച്ച തീരുമാനമെടുക്കേണ്ടത്. എഡിജിപി ഷേഖ് ദര്‍വേഷ് സാഹിബ് നേതൃത്വം നല്‍കുന്ന പ്രത്യേക പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.
അപ്പീല്‍ പോകണമെന്ന നിര്‍ദ്ദേശം നല്‍കിയത് മുഖ്യമന്ത്രിയാണ്. തിരുവനന്തപുരം സിജെഎം കോടതിയാണ് ശ്രീറാമിന് ജാമ്യം നല്‍കിയത്. ശ്രീറാം മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന് തെളിയിക്കുവാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിരുന്നില്ല. മദ്യം കഴിച്ചോ എന്ന് ഉറപ്പിക്കാനുള്ള രക്തപരിശോധന പൊലീസ് മനഃപൂര്‍വ്വം വൈകിച്ചുവെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ശക്തമായ നിയമ നടപടികളുമായി മുന്നോട്ട് പോകാനും ജാമ്യത്തിനെതിരെ അപ്പീല്‍ പോകാനുമുള്ള സര്‍ക്കാര്‍ തീരുമാനം. ശ്രീറാം ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.