സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയാത്ത പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ഒരുങ്ങി സർക്കാർ. രോഗ സ്ഥിരീകരണ നിരക്ക് 15ൽ കൂടുതലുള്ള തദ്ദേശസ്ഥാപനങ്ങളിലാകും നിയന്ത്രണങ്ങൾ കടുപ്പിക്കുക. പ്രാദേശിക നിയന്ത്രണം വേണമെന്നാണ് ആരോഗ്യവകുപ്പിന്‍റെ നിലപാട്. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന കോവിഡ് അവലോകന യോഗത്തിൽ തീരുമാനമെടുക്കും.
നിലവിൽ രോഗ സ്ഥിരീകരണ നിരക്ക് 24നു മുകളിലുള്ള തദ്ദേശ സ്ഥാപനങ്ങളിലാണ് ട്രിപ്പിൾ ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങളുളളത്. കഴിഞ്ഞ ഒരാഴ്ചയോളമായി സംസ്ഥാന തലത്തിലുള്ള ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10നു മുകളിലാണ്. ടിപിആർ 15നു മുകളിലുള്ള സ്ഥലങ്ങളിൽ കർശന നിയന്ത്രണങ്ങളും 10നും 15നുമിടയിൽ ലോക്ഡൗൺ സമാന നിയന്ത്രണങ്ങളും ഏർപ്പെടുത്താനും ആലോചനയുണ്ട്. ടിപിആര്‍ അഞ്ചിനു താഴെയുളള പ്രദേശങ്ങളില്‍ മാത്രം ഇളവുകള്‍ പരിമിതപ്പെടുത്തും.
അതേസമയം, തൊഴില്‍ മേഖലയേക്കൂടി കണക്കിലെടുത്താകും അന്തിമ തീരുമാനം കൈക്കൊള്ളുക. ജൂണ്‍ 21ന് 9.63 ആയി ടിപിആര്‍ താഴ്ന്നിരുന്നു. ഈയാഴ്ച ഏഴിനു താഴെയെത്തുമെന്ന കണക്ക് കൂട്ടലുകള്‍ തെറ്റി. ഇതോടെയാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനു പിന്നില്‍.
നിരക്ക് 5 ശതമാനത്തിലെത്തിയാൽ മാത്രമേ രോഗം നിയന്ത്രണ വിധേയമെന്നു പറയാനാകൂവെന്നാണ് ആരോഗ്യ വകുപ്പ് നിലപാട്. അതുകൊണ്ടു തന്നെ നടപടികള്‍ കടുപ്പിക്കണമെന്നാണ് ആരോഗ്യവകുപ്പിന്‍റെ അഭിപ്രായം.