'നാലാം വാർഷികം ആഘോഷിക്കാൻ സർക്കാരിന് ധാർമിക അവകാശമില്ല, അധികാരത്തിലെത്തിയാൽ പത്ത് മിനിറ്റിൽ മുനമ്പത്തെ പ്രശ്നം പരിഹരിക്കും'; വിഡി സതീശൻ

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലിരിക്കെ നാലാം വാർഷികം ആഘോഷിക്കാൻ സർക്കാരിന് ധാർമിക അവകാശമില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർക്കാരിൻ്റെ നാലാം വാർഷികാഘോഷങ്ങൾ പൂർണമായി ബഹിഷ്‌കരിക്കുമെന്നും
സതീശൻ പറഞ്ഞു. കൊച്ചിയിൽ വാർത്താ സമ്മേളനത്തിലാണ് പ്രതികരണം.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലിരിക്കെ നാലാം വാർഷികം ആഘോഷിക്കാൻ സർക്കാരിന് ധാർമിക അവകാശമില്ല. പ്രതിസന്ധികൾ പരിഹരിക്കാൻ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും സതീശൻ കുറ്റപ്പെടുത്തി. മുനമ്പത്തെ പ്രശ്നത്തിൽ സംസ്ഥാന സർക്കാരാണ് പ്രതി എന്നും സതീശൻ ആരോപിച്ചു.

ഭൂമി വിട്ടുകൊടുത്ത സേഠിൻ്റെ കുടുംബവും ഫറൂക് കോളേജ് മാനേജ്മെന്റും ഭൂമി വഖഫല്ലെന്ന് പറയുമ്പോഴും വഖഫ് ബോർഡാണ് വിഷയത്തിൽ കടുംപിടിത്തം തുടരുന്നത്. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്നതാണ് താൻ നേരത്തെ പറഞ്ഞത്. അത് തന്നെയാണ് ശരിയെന്നും അധികാരത്തിൽ വന്നാൽ പത്ത് മിനിറ്റിൽ പ്രശ്നം പരിഹരിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥി ചർച്ചകൾ പ്രാഥമിക ഘട്ടത്തിലാണ്. ചില ചാനലുകൾ ഭാരം തൂക്കി കൊണ്ടിരിക്കുകയാണ്. പാർട്ടി ദേശീയ നേതൃത്വവുമായി ചർച്ചകൾ നടക്കുന്നുണ്ട്. പിവി അൻവർ അറിയിച്ചത് കോൺഗ്രസ് പാർട്ടി പ്രഖ്യാപിക്കുന്ന സ്ഥാനാർത്ഥിയെ പിന്തുണയ്ക്കും എന്നാണ്. ആദ്യ ഘട്ടത്തിലാണ് അൻവർ വിഎസ് ജോയിയുടെ പേര് പറഞ്ഞതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Read more