പ്രളയത്തിന് കാരണം സര്‍ക്കാരിന്റെ അനാസ്ഥ; കണ്ടെത്തലുകള്‍ വിശദീകരിച്ച് സി.എ.ജി റിപ്പോര്‍ട്ട്

2018ല്‍ കേരളത്തിലുണ്ടായ പ്രളയത്തെ കുറിച്ചുള്ള കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട് വന്നു. ഡാമുകള്‍ തുറന്ന് വിട്ടതിലെ പാകപ്പിഴയാണ് പ്രളയത്തിന്റെ ആഘാതം കൂട്ടിയത് എന്ന് പ്രതിപക്ഷം നേരത്തെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. അത് ശരിവെയ്ക്കുന്ന തരത്തിലാണ് സി.എ.ജി റിപ്പോര്‍ട്ട്.

ഡാമുകള്‍ കൂട്ടത്തോടെ തുറന്നതാണ് പ്രളയത്തിന്റെ ശക്തി കൂട്ടിയത് എന്ന് റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ സ്വയം സമ്മതിച്ചിട്ടുണ്ട്. കനത്ത പ്രളയദിവസങ്ങളില്‍ മുല്ലപ്പെരിയാറില്‍നിന്ന് 169.97 എം.സി.എം. വെള്ളം പെട്ടെന്ന് തുറന്നു വിട്ടില്ലായിരുന്നെങ്കില്‍ പ്രളയത്തിന്റെ ശക്തി കുറയ്ക്കാന്‍ കഴിഞ്ഞേനെയെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്.

റൂള്‍കര്‍വ് അടിസ്ഥാനമാക്കിയാണ് ഡാമുകളില്‍ നിന്ന് വെള്ളം തുറന്ന് വിടേണ്ടത്. എന്നാല്‍ ഇടമലയാര്‍ ഡാമിന് റൂള്‍ കര്‍വ് ഉണ്ടായിരുന്നില്ല. ഇടുക്കി ഡാമിന്റെ റൂള്‍ കര്‍വ് 1983ല്‍ രൂപീകരിച്ചതാണ്. അത് പിന്നീട് പുനരവലോകനം ചെയ്തിട്ടില്ല. വെള്ളം പുറന്തള്ളുന്ന സംവിധാനങ്ങള്‍ മെച്ചപ്പെടുത്തേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയാണ് എന്നും റിപ്പോര്‍ട്ട് ചൂണ്ടി കാണിക്കുന്നു.

പെരിയാര്‍ നദീ തടത്തില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ 6 മഴമാപിനികളാണ് ഉണ്ടായിരുന്നത്. യഥാര്‍ത്ഥത്തില്‍ ഇവിടെ 32 മഴമാപിനികളാണ് ഉണ്ടാകേണ്ടിയിരുന്നത്. കാലാവസ്ഥാ അപകടങ്ങളുടെ മുന്നറിയിപ്പ് നല്‍കുന്നതിനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നതിനും വേണ്ടി ആരംഭിച്ച സംസ്ഥാന എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്ററിനെ ഇപ്പോഴും പൂര്‍ണമായി ആശ്രയിക്കാനായിട്ടില്ല. വെള്ളപ്പൊക്ക സാദ്ധ്യതാ മേഖലകളെ കുറിച്ച് അറിയുന്നതിനുള്ള ഫ്ളഡ് ഹസാഡ മാപ്പ് ഇപ്പോഴും ലഭ്യമല്ലെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി.

മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ദുരന്ത സാദ്ധ്യത കൂടുതല്‍ കേരളത്തിലാണ്. പ്രകൃതിദുരന്തങ്ങളില്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടി വരുന്നത് പ്രളയവും. അതിനെ നേരിടാന്‍ വ്യക്തമായ പ്ലാനും സുരക്ഷാ സംവിധാനങ്ങളും ഇവിടെ ഉണ്ടാകണം. പ്രളയം നിയന്ത്രിക്കാനുള്ള നടപടികളുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ 2012ലെ ജലനയം സംസ്ഥാനങ്ങളോട് ആവശ്യപ്പെടുന്നുണ്ട്.പക്ഷെ, കേരളം ഇതനുസരിച്ചുള്ള നടപടികള്‍ സ്വീകരിച്ചിട്ടില്ല. സംസ്ഥാനത്തിന്റെ ജലനയം 2008ല്‍ രൂപീകരിച്ചതാണ്. ഇതില്‍ പ്രളയ നിയന്ത്രണ നടപടികള്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

44 പുഴകളുണ്ട് അതില്‍ 42 എണ്ണത്തിന് മാസ്റ്റര്‍ പ്ലാനില്ല. നദികളുടെ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കണം, നദീതടപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പ്രത്യേകം അതോറിറ്റി രൂപവത്കരിക്കണം, വിശ്വസനീയമായ ഫ്‌ളഡ് ഹസാര്‍ഡ് മാപ്പ് തയ്യാറാക്കണമെന്നും സംസ്ഥാനത്തോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. ഒഴുക്ക് തടസ്സപ്പെടുന്ന വിധത്തില്‍ പെരിയാര്‍ നദീതടമേഖലയില്‍ കെട്ടിടങ്ങളുടെ എണ്ണം കൂടിയതും പ്രളയസാദ്ധ്യത കൂടുതലാക്കി. ഇതൊഴിപ്പിക്കാന്‍ കൃത്യമായ നിരീക്ഷണവും നടപടികളും ഉണ്ടാകേണ്ടതുണ്ട്. ചെറുതോണിയിലെ അനധികൃത നിര്‍മ്മാണം ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സി.എ.ജി റിപ്പോര്‍ട്ടിലെ മറ്റ് കണ്ടെത്തലുകള്‍:

* കൃത്യമായ പരിശോധനകളും നടപടികളും ഉണ്ടാകാതിരുന്നതാണ് കൊച്ചി വിമാനത്താവളവും പരിസരവും വെള്ളത്തിലാകാന്‍ കാരണം.

* ദുരന്തഘട്ടങ്ങളില്‍ ഉപയോഗിക്കാനുള്ള ആശയവിനിമയ സംവിധാനം പരാജയമാണ്. 2.65 കോടി മുടക്കി സ്ഥാപിച്ച ഉയര്‍ന്ന ഫ്രിക്വന്‍സി ഉപകരണങ്ങളില്‍ 82 ശതമാനവും പ്രവര്‍ത്തനരഹിതം.

* 17 അണക്കെട്ടുകളുള്ള ഇടുക്കിയില്‍ നല്ല ഭൂകമ്പമാപിനികള്‍ ഇല്ല. 50.93 ലക്ഷം ചെലവഴിച്ച് വാങ്ങിയ ഗുരാല്‍പ് ഭൂകമ്പമാപിനി അനക്കമില്ലാതെ മൂന്ന് വര്‍ഷമായി തിരുവനന്തപുരത്തെ ഓഫീസില്‍ ഇരിക്കുകയാണ്. 90 കോടി ചെലവില്‍ ഡിജിറ്റല്‍ ഉപകരണം സ്ഥാപിച്ചിട്ടും പ്രയോജനമൊന്നും ഉണ്ടായില്ല.

*5 വര്‍ഷം പിന്നിട്ടിട്ടും തൃശൂരിലെ സിവില്‍ ഡിഫന്‍സ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനം ഫലം കണ്ടില്ല.

*2018, 2019 പ്രളയകാലത്ത് നല്‍കേണ്ടിയിരുന്ന അടിയന്തര രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കിറ്റുകള്‍ ആപ്ത മിത്ര പദ്ധതി പ്രകാരം സന്നദ്ധപ്രവര്‍ത്തകരുടെ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക്
നല്‍കിയിരുന്നില്ല. 2019 ഡിസംബറിലാണ് ഇവ വിതരണം ചെയ്തത്.

*2018ലെ പ്രളയ സമയത്തും അതിനു ശേഷവും ഡാമുകളും സര്‍ക്കാര്‍ ഓഫിസുകളും തമ്മില്‍ ആശയവിനിമയ സംവിധാനങ്ങള്‍ പ്രവര്‍ത്തനക്ഷമമായില്ല.

*5 വര്‍ഷത്തില്‍ ഒരിക്കല്‍ അണക്കെട്ടുകളുടെ സംഭരണശേഷി അറിയുന്നതിനായി സര്‍വേ നടത്തേണ്ടതാണ്. എന്നാല്‍ 2005ല്‍ കമ്മിഷന്‍ ചെയ്ത ബാണാസുര സാഗര്‍ അണക്കെട്ടിന്റെ സര്‍വേ ഇതുവരെ നടത്തിയിട്ടില്ല. കെഎസ്ഇബിയുടെ അണക്കെട്ടുകളില്‍ 2011നും 19നും ഇടയിലും, 2004ന് ശേഷം ഇടുക്കിയിലും 1999ന് ശേഷം കക്കിയിലും സര്‍വ്വേ നടത്തിയിട്ടില്ല. അരുവിക്കര അണക്കെട്ടില്‍ 43% ചെളി നിറഞ്ഞിട്ടും നീക്കം ചെയ്യാന്‍ നടപടിയില്ല.

*തോട്ടപ്പള്ളി സ്പില്‍വേയുടെ ആഴവും വീതിയും കൂട്ടാന്‍ വേണ്ടത്ര ഡ്രജിങ് നടക്കാതിരുന്നതും,കവാടത്തിനുള്ളില്‍ 500 ലേറെ മരങ്ങള്‍ നട്ടതുകൊണ്ട് സ്പില്‍വേയുടെ ശേഷി കുറഞ്ഞതും ആലപ്പുഴയിലെ പ്രളയത്തിന് കാരണമായി.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ