'രഹസ്യ സ്വഭാവമുണ്ട്'; ഹിയറിം​ഗ് ലൈവ് സ്ട്രീം ചെയ്യണമെന്ന എൻ പ്രശാന്തിൻ്റെ ആവശ്യം അം​ഗീകരിക്കില്ലെന്ന് സർക്കാർ

സസ്പെൻഷനിലായ എൻ ഐഎഎസിൻ്റെ ഹിയറിങ് ലൈവ് സ്ട്രീം ചെയ്യണമെന്ന ആവശ്യം അം​ഗീകരിക്കില്ലെന്ന് സർക്കാർ. ഉന്നത ഉദ്യോഗസ്ഥനെയും സഹപ്രവർത്തകനെയും നവമാധ്യമങ്ങൾ വഴി അധിക്ഷേപിച്ചെന്ന ആരോപണത്തിൽ ഹിയറിങ് ലൈവ് സ്ട്രീം ചെയ്യണമെന്നായിരുന്നു എൻ പ്രശാന്ത് ഐഎഎസിൻ്റെ ആവശ്യം. അച്ചടക്ക നടപടിയുടെ ഭാ​ഗമായതിനാൽ രഹസ്യ സ്വഭാവമുണ്ടെന്ന് സർക്കാർ പറയുന്നു. ഈ മാസം 16നാണ് പ്രശാന്തിന് ഹിയറിം​ഗിന് നോട്ടീസ് നൽകിയിരിക്കുന്നത്.

ലൈവ് സ്ട്രീമിം​ഗും റെക്കോർഡിം​ഗും നടത്തണമെന്നായിരുന്നു എൻ പ്രശാന്തിന്റെ ആവശ്യം. പ്രശാന്തിനെതിരെ വകുപ്പ് തല നടപടിക്ക് മുന്നോടിയായി വകുപ്പ് തല അന്വേഷണത്തിന് സർക്കാർ ആലോചിക്കുമ്പോഴാണ് ഹിയറിങ് ആവശ്യപ്പെട്ടത്. വ്യക്തിപരമായ ഹിയറിങ് ലൈവ് സ്ട്രീമിങ് ആവശ്യപ്പെടുന്നത് അസാധാരണ നടപടിയാണെന്നാണ് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. ഐഎഎസ് സർവീസ് ചട്ടത്തിൽ അത്തരം കാര്യം പറയുന്നില്ല. തെളിവ് എന്ന നിലയിൽ വീഡിയോ റെക്കോർഡിങ് ആവശ്യപ്പെടാമെങ്കിലും ലൈവ് സ്ട്രീമിങ് അസാധാരണമാണെന്നും മുതിർന്ന ഉദ്യോഗസ്ഥർ ചൂണ്ടികാണിക്കുന്നു.

പൊതുതാൽപര്യം പരിഗണിച്ചാണ് ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടതെന്നാണ് പ്രശാന്തിൻറെ ന്യായീകരണം. തന്നെ കേൾക്കാൻ ചീഫ് സെക്രട്ടറി തയ്യാറാകണമെന്നാവശ്യപ്പെട്ട് പ്രശാന്ത് കത്ത് നൽകിയിരുന്നു. നോട്ടീസിനു മറുപടിയായി പ്രശാന്ത് നിരവധി കത്തുകൾ ചീഫ് സെക്രട്ടറിക്ക് നൽകിയിരുന്നു. എന്നാൽ ഇതെല്ലാം തിരിച്ചു വിശദീകരണം ചോദിക്കലാണെന്നും മറുപടിയായി കണക്കാക്കാനാകില്ലെന്നുമാണ് സർക്കാർ നിലപാട്.

കുറ്റം ചെയ്തോ ഇല്ലയോ എന്നാണ് പ്രശാന്ത് വ്യക്തമാക്കേണ്ടതെന്നും സർക്കാർ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് അടുത്തയാഴ്ച ഹിയറിങ് നടത്തുന്നത്. സസ്പെൻഷനെ ചൊല്ലി ഉന്നത ഉദ്യോഗസ്ഥർക്കിടയിൽ പരസ്യമായി വാക്പോര് തുടരുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടാകുന്നത്. കഴിഞ്ഞ നവംബറിലാണ് എൻ പ്രശാന്തിനെ സസ്പെൻഡ് ചെയ്യുന്നത്.

Read more