ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള പോര് ശക്തമാകുന്നതിനിടെ സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലറെ നിയമിക്കുന്നതില്‍ ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ബില്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയില്‍ രണ്ട് അംഗങ്ങളെ കൂടി ചേര്‍ത്ത് സര്‍ക്കാരിന്റെ സ്വാധീനം വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യം.
നിലവിലെ മൂന്ന് അംഗ സമിതി അഞ്ചാക്കും. നിലവില്‍ ഗവര്‍ണറുടേയും യു ജി സി യുടെയും സര്‍വകലാശാലയുടെയും നോമിനികള്‍ ആണ് ഉള്ളത്. കമ്മിറ്റിയില്‍ പുതുതായി ചേര്‍ക്കുന്ന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ആകും ഇനി കണ്‍വീനര്‍. ഒപ്പം സര്‍ക്കാരിന്റെ പ്രതിനിധി കൂടി ഉണ്ടാകും. ഗവര്‍ണറുടെ പ്രതിനിധിയെ സര്‍ക്കാര്‍ നോമിനേറ്റ് ചെയ്യും.
കാലിക്കറ്റ്, കണ്ണൂര്‍, സംസ്‌കൃത സര്‍വകലാശാലകളിലെ വിസി നിയമനങ്ങളില്‍ ഗവര്‍ണര്‍ സര്‍ക്കാരിനെതിരെ പരസ്യവിമര്‍ശനം നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോരാട്ടം കടുത്തതോടെയാണ് വി സി നിയമനത്തില്‍ ഭേദഗതി കൊണ്ടുവരാനുള്ള സര്‍ക്കാര്‍ നീക്കം. ഇന് സംബന്ധിച്ച ബില്ലിന് ഓഗസ്റ്റ് 16ന് ചേര്‍ന്ന മന്ത്രിസഭ യോഗം അംഗീകാരം നല്‍കിയിരുന്നു.
ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവായിരിക്കും സഭയില്‍ ബില്‍ അവതരിപ്പിക്കുക. അതേസമയം ബില്ലില്‍ ഒപ്പിടില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ഗവര്‍ണര്‍. ബില്‍ നിയമം ആകണമെങ്കില്‍ താന്‍ തന്നെ ഒപ്പിടണം. ഭരണഘടനാ വിരുദ്ധമായ ബില്ലുകളില്‍ ഒപ്പിടില്ലെന്നും കേരളത്തില്‍ ഉന്നത വിദ്യാഭ്യാസ മേഖല തകര്‍ച്ചയുടെ വക്കിലാണെന്നുമാണ് ഗവര്‍ണര്‍ പ്രതികരിച്ചത്.
ബില്ലിനെ പ്രതിപക്ഷവും ശക്തമായി എതിര്‍ക്കുന്നു. ഗവര്‍ണര്‍ ഏത് സമയവും സര്‍ക്കാറുമായി ഒത്ത് തീര്‍പ്പിന് തയ്യാറാകുമെന്നും പ്രതിപക്ഷം വിമര്‍ശിക്കുന്നുണ്ട്. അതിനിടെ ഡല്‍ഹി സന്ദര്‍ശനത്തിന് ശേഷം ആരിഫ് മുഹമ്മദജ് ഖാന്‍ ഇന്ന് സംസ്ഥാനത്ത് തിരിച്ചെത്തും. പിന്നാലെ കണ്ണൂര്‍ വിസിക്ക് കാരണംകാണിക്കല്‍ നോട്ടീസ് അയക്കുന്നതടക്കമുള്ള തുടര്‍നടപടികള്‍ രാജ്ഭവന്‍ വേഗത്തിലാക്കും.