സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കാതെ സംസ്ഥാന സര്‍ക്കാര്‍. പദ്ധതിക്കായുള്ള സാമൂഹിക ആഘാത പഠനം തുടരാമെന്നാണ് എജിയുടെ നിയമോപദേശം. നിലവിലെ ഏജന്‍സികളെ ഉപയോഗിച്ച് സാമൂഹിക ആഘാത പഠനം തുടരാമെന്നാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്.
ആറ് മാസത്തിനുള്ളില്‍ സാമൂഹിക ആഘാത പഠനം പൂര്‍ത്തിയാക്കമെന്നാണ് ചട്ടം. കഴിഞ്ഞ മാസം ഇതിന്റെ സമയ പരിധി അവസാനിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് നിയമോപദേശം തേടിയത്. പിന്നാലെ സര്‍വ്വേ തുടരാന്‍ അനുമതി തേടി റവന്യൂ വകുപ്പ് മുഖ്യമന്ത്രിക്ക് ഫയല്‍ നല്‍കി.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ചൂടിനിടെ മെയ് 16നായിരുന്നു കല്ലിട്ടുള്ള സര്‍വ്വേയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറിയത്.
സില്‍വര്‍ ലൈനില്‍ ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ട് പോകുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സില്‍വര്‍ ലൈനില്‍ സാമൂഹികാഘാത പഠനം നിര്‍ത്തിയെന്നും പദ്ധതിക്ക് കേന്ദ്രം തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതി അറിയിച്ചു.
ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ട് പോകും. വിഷയത്തില്‍ കേന്ദ്രം നിലപാട് വ്യക്തമാക്കണം. പദ്ധതിയുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിലെ വിവിധ വകുപ്പുകള്‍ വ്യത്യസ്ഥ നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
സില്‍വര്‍ ലൈന്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം നിയമസഭയില്‍ പറഞ്ഞിരുന്നു. പദ്ധതി സംസ്ഥാനത്തിന്റെ വികസനത്തിന് ഏറെ ആവശ്യമുള്ളതാണെന്നും ചില പ്രത്യേക സ്വാധീനങ്ങള്‍ക്ക് വഴങ്ങിയാണ് സില്‍വര്‍ ലൈനിലുള്ള അനുമതി വൈകിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടി നല്‍കി.
സില്‍വര്‍ ലൈന്‍ സമരക്കാരുടെ പേരിലുളള കേസുകള്‍ പിന്‍വലിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അനുമതി വൈകുന്നതില്‍ കേന്ദ്രത്തെ വിമര്‍ശിച്ചാണ് മുഖ്യമന്ത്രി സഭയില്‍ സംസാരിച്ചത്. സംസ്ഥാനത്തിന്റെ വികസനത്തിന് ഏറെ ആവശ്യമാണ് സില്‍വര്‍ലൈനെന്നും പദ്ധതിക്ക് കേന്ദ്രാനുമതി കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.