'ആദിവാസികളെയും മലയോര കര്‍ഷകരെയും വന്യമൃഗങ്ങള്‍ക്ക് ഭക്ഷിച്ചു തീര്‍ക്കാനുള്ള ഇരകളായാണ് സര്‍ക്കാരുകള്‍ കാണുന്നത്'; വിമർശിച്ച് മാര്‍ ജോസഫ് പ്ലാംപ്ലാനി

സംസ്ഥാന സര്‍ക്കാരിനെതിരെ അതിരൂക്ഷവിമര്‍ശനമുന്നയിച്ച് തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. ആദിവാസികളെയും മലയോര കര്‍ഷകരെയും വന്യമൃഗങ്ങള്‍ക്ക് ഭക്ഷിച്ചു തീര്‍ക്കാനുള്ള ഇരകളായാണ് സര്‍ക്കാരുകള്‍ കാണുന്നതെന്ന് പാംപ്ലാനി ബിഷപ്പ് പറഞ്ഞു. മലയോര കര്‍ഷകരെ നിശബ്ദമായി കുടിയിറക്കാനാണ് ബോധപൂര്‍വ്വ ശ്രമമെന്നും മാര്‍ ജോസഫ് പ്ലാംപ്ലാനി ആരോപിച്ചു.

വന്യമൃഗ ശല്യം തടയുന്നതിന് കര്‍ശന നടപടി ആവശ്യപ്പെട്ട് പേരാവൂര്‍ എംഎല്‍എ സണ്ണി ജോസഫ് നടത്തുന്ന ഏകദിന ഉപവാസസമരത്തിലാണ് മാര്‍ ജോസഫ് പ്ലാംപ്ലാനിയുടെ പ്രതികരണം. എങ്ങനെ മലയോര കര്‍ഷകന്റെ ഉപജീവനം മുട്ടിക്കാം, അവനെ ഇവിടെ ഇല്ലാതാക്കാമെന്നുള്ളത് വന്യ മൃഗങ്ങള്‍ മാത്രമല്ല, സര്‍ക്കാരും ചിന്തിക്കുന്ന സാഹചര്യം നിലവിലുണ്ടെന്നും മാര്‍ ജോസഫ് പ്ലാംപ്ലാനി പറഞ്ഞു.

വന്‍കിട കുത്തക സംരംഭങ്ങള്‍ നല്‍കുന്ന കാര്‍ബണ്‍ ഫണ്ട് എന്ന മോഹന പ്രലോഭനത്തിന് മുന്നില്‍ പലരും മയങ്ങിപ്പോകുന്നുണ്ടെന്നും മാര്‍ ജോസഫ് പ്ലാംപ്ലാനി പറഞ്ഞു. അതുകൊണ്ട് തന്നെ ഇവിടെ വന വിസ്തൃതി വര്‍ധിപ്പിച്ചുകൊണ്ട് മലയോര കര്‍ഷകരെ നിശബ്ദമായി കുടിയിറക്കാനുള്ള ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടെന്നും മാര്‍ ജോസഫ് പ്ലാംപ്ലാനി വ്യക്തമാക്കി.

Read more