കാലിക്കട്ട് സര്‍വകലാശാലാ സിന്‍ഡിക്കറ്റ് തിരഞ്ഞെടുപ്പില്‍ ഇടപെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ നടപടികളും നിര്‍ത്തിവെയ്ക്കാന്‍ അദേഹം ഉത്തരവിട്ടു.
സെനറ്റിലേക്കു ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്ത രണ്ട് സര്‍വകലാശാലാ അധ്യാപകര്‍ സിന്‍ഡിക്കറ്റ് തെരഞ്ഞെടുപ്പില്‍ നല്‍കിയ നാമനിര്‍ദേശ പത്രിക റിട്ടേണിംഗ് ഓഫിസര്‍ കൂടിയായ റജിസ്ട്രാര്‍ തള്ളുകയും യൂണിവേഴ്‌സിറ്റി അധ്യാപക മണ്ഡലത്തില്‍ നിന്നു സിപിഎം സ്ഥാനാര്‍ഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടാന്‍ അവസരം നല്‍കിയതോടെയാണ് ഗവര്‍ണറുടെ ഇടപെടല്‍.
ഇക്കാര്യത്തില്‍ വൈസ് ചാന്‍സലറോട് വിശദീകരണം തേടാനും നിര്‍ദേശിച്ചിട്ടുണ്ട്. സര്‍വകലാശാല ചാന്‍സലര്‍ എന്ന നിലയിലാണു ഗവര്‍ണറുടെ നടപടി. പത്രിക തള്ളപ്പെട്ട അധ്യാപകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഗവര്‍ണറുടെ നീക്കം.
പത്രിക തള്ളിയതു സംബന്ധിച്ചു വിസി വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെടുന്ന കത്ത് രാജ്ഭവന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി, കാലിക്കട്ട് വിസിക്കു നല്‍കി. സെനറ്റിലേക്കുള്ള ഗവര്‍ണറുടെ നോമിനികളായ ഡോ.പി.രവീന്ദ്രന്‍, ഡോ.ടി.എം.വാസുദേവന്‍ എന്നിവര്‍ യൂണിവേഴ്‌സിറ്റി അധ്യാപക മണ്ഡലത്തില്‍ നിന്നു മത്സരിച്ചു ജയിച്ചു വന്നവരല്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് അവരുടെ പത്രികകള്‍ റജിസ്ട്രാര്‍ തള്ളിയിരുന്നു.