സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരെ നിയമിച്ചത് ചാന്‍സലറെന്ന നിലയില്‍ തനിക്കുള്ള അധികാരം ഉപയോഗിച്ചാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിസി നിയമനത്തില്‍ ചാന്‍സലര്‍ക്കാണ് പരമാധികാരമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളതായും അദ്ദേഹം പറഞ്ഞു.
അതേസമയം ഗവര്‍ണര്‍ നിയമവാഴ്ചയെ വെല്ലുവിളിച്ചുള്ള നീക്കം അവസാനിപ്പിച്ചില്ലെങ്കില്‍ ചാന്‍സലര്‍ വിദ്യാര്‍ഥികളുടെ സമരച്ചൂടറിയുമെന്ന് എസ്എഫ്‌ഐ പറഞ്ഞു.
ഏകാധിപതിയായി വിലസുന്ന ഗവര്‍ണര്‍ക്കെതിരേ അധ്യാപകസമൂഹം പ്രതിഷേധവുമായി ഇറങ്ങുമെന്ന്് എകെപിസിടിഎ നേതാക്കള്‍ പറഞ്ഞു. സര്‍വകലാശാലകളെയും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെയും തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരേ അക്കാദമിക് സമൂഹം പ്രതിഷേധിക്കുമെന്ന് എഫ്‌യുടിഎ വ്യക്തമാക്കി. സാങ്കേതിക സര്‍വകലാശാലയില്‍ ഏകപക്ഷീയമായി വിസിയെ നിയമിച്ചതുപിന്‍വലിക്കണമെന്ന് കെജിഒഎ ആവശ്യപ്പെട്ടു.
ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളില്‍ നടത്തിയ വിസി നിയമനം നിയമവിരുദ്ധമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ ആര്‍ ബിന്ദുപറഞ്ഞു. നടന്നത് ചാന്‍സിലറുടെ പ്രീതി അനുസരിച്ച് നിയമനമാണെന്നും മന്ത്രി ആരോപിച്ചു.
ഹൈക്കോടതി വിധിക്ക് വിരുദ്ധമായാണ് ഗവര്‍ണറുടെ നടപടി. സര്‍ക്കാര്‍ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും ബിന്ദു പറഞ്ഞു. ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളില്‍ ആണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചാന്‍സലര്‍മാരെ നിയമിച്ചത്. ഡോ. സിസാ തോമസിനെ ഡിജിറ്റല്‍ സര്‍വകലാശാലയുടെ താത്കാലിക വൈസ് ചാന്‍സലറായും ഡോ കെ ശിവപ്രസാദിനെ സാങ്കേതിക സര്‍വകലാശാലയുടെ താത്കാലിക വൈസ് ചാന്‍സലറുമായാണ് നിയമിച്ചിരിക്കുന്നത്.
കുസാറ്റ് ഷിപ് ടെക്നോളജി പ്രൊഫസറാണ് ശിവപ്രസാദ്. അനുമതി വാങ്ങാതെ പദവി വഹിച്ചതിന് ഡോക്ടര്‍ സിസയ്ക്കെതിരെ സര്‍ക്കാര്‍ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. നടപടി സുപ്രീം കോടതി റദ്ദാക്കിയിട്ടും പെന്‍ഷന്‍ പോലും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. കഴിഞ്ഞ ഒരു മാസമായി ഡിജിറ്റല്‍ സര്‍വകലാശാലയുടെയും അതുപോലെ തന്നെ സാങ്കേതിക സര്‍വ്വകലാശാലയുടെയും വൈസ് ചാന്‍സലര്‍ പദവി ഒഴിഞ്ഞു കിടക്കുകയാണ്. രണ്ടിന്റെയും ചുമതല വഹിച്ചിരുന്നത് ഡോക്ടര്‍ സജി ?ഗോപിനാഥായിരുന്നു.
ഇതിന് ശേഷം സര്‍ക്കാര്‍ രണ്ടിടത്തേക്കും മൂന്ന് പേരടങ്ങിയ ഒരു പാനല്‍ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ഈ പാനല്‍ തള്ളിക്കൊണ്ടാണ് രണ്ടിടത്തേക്കും?ഗവര്‍ണര്‍ താത്ക്കാലിക വൈസ് ചാന്‍സലര്‍മാരെ നിയമിച്ചിരിക്കുന്നത്.