ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തയച്ച് കേരള സര്‍ക്കാര്‍. ഗവര്‍ണര്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്നും ക്രമസമാധാന പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചെന്നും ആരോപിച്ചാണ് രാഷ്ട്രപതിക്ക് കത്തയച്ചത്. കോഴിക്കോട് മിഠായി തെരുവില്‍ ഗവര്‍ണറുടെ അപ്രഖ്യാപിത സന്ദര്‍ശനവും ചൂണ്ടിക്കാട്ടിയാണ് കത്തിലെ പരാമര്‍ശങ്ങള്‍.
ഗവർണർ ചുമതല നിറവേറ്റുന്നില്ല, നിരന്തരം പ്രോട്ടോക്കോൾ ലംഘനം നടത്തുന്നുവെന്നാണ് ഗവർണർക്കെതിരെയുള്ള വിമര്‍ശനം. കത്തയച്ചത് കഴിഞ്ഞ ദിവസമാണെങ്കിലും ഈ വിവരം സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നില്ല.
ഗവര്‍ണറും സര്‍ക്കാരും തമ്മിൽ ഏറെ നാളായി നിലനിൽക്കുന്ന തര്‍ക്കത്തിൽ ഏറെ ഗൗരവമുള്ള നടപടിയാണ് സംസ്ഥാനത്തിന്റെ ഭാഗത്ത് നിന്ന് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടാതെ തടഞ്ഞുവെച്ച നടപടിയിലാണ് ഗവര്‍ണര്‍ ചുമതലകൾ നിറവേറ്റുന്നില്ലെന്ന വിമര്‍ശനം സര്‍ക്കാര്‍ ഉന്നയിക്കുന്നത്. ഇത് മുൻനിര്‍ത്തിയാണ് ഇപ്പോൾ അയച്ചിരിക്കുന്ന കത്തും.