ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ മുതിര്‍ന്ന സിപിഎം നേതാവ് എകെ ബാലന്‍. ഗവര്‍ണറുടെ സമീപനം ഭരണഘടനാ വിരുദ്ധമാണ്. കേരളത്തിലെ പൊതു സമൂഹത്തിന് ഈ സമീപനത്തോട് പൊരുത്തപ്പെടാന്‍ ആകില്ലെന്നും കണ്ണൂര്‍ സര്‍വകലാശായില്‍ നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നടപടി സ്റ്റേ ചെയ്ത ശേഷമാണ് നോട്ടീസ് അയച്ചത്. ഇത് സ്വാഭാവിക നീതിക്ക് എതിരാണ്. സര്‍വകലാശാല നിയമത്തിന് വിരുദ്ധമാണ്. സര്‍വകലാശാലയിലേത് രാഷ്ട്രീയ നിയമനമല്ല. ഗവര്‍ണര്‍മാരുടേതാണ് രാഷ്ട്രീയ നിയമനമെന്നും എ കെ ബാലന്‍ പറഞ്ഞു. അതേസമയം പ്രിയ വര്‍ഗ്ഗീസിന്റെ നിയമനം രാഷ്ട്രീയ നിയമനമാണെന്ന് ഗവര്‍ണര്‍ ഇന്നലെ പറഞ്ഞിരുന്നു.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയായതിനാലാണ് യോഗ്യത ഇല്ലാതിരുന്നിട്ടും പ്രിയാ വര്‍ഗീസിന് നിയമനം ലഭിച്ചത്. വിഷയത്തെ രാഷ്ട്രീയമായി നേരിടും. സ്വജനപക്ഷപാതം കണ്ടത് കൊണ്ടാണ് നിയമന നടപടി റദ്ദാക്കിയത്. സ്റ്റേ ചെയ്ത നടപടി നിയമപരമാണ്. തനിക്കെതിരെ കോടതിയില്‍ പോകാന്‍ വിസിക്ക് കഴിയുമോയെന്നും ഗവര്‍ണര്‍ മാധ്യമ പ്രവര്‍ത്തകരോട് ചോദിച്ചു.
Read more
തന്റെ തീരുമാനത്തിന് എതിരെ ആര്‍ക്കും കോടതിയെ സമീപിക്കാമെന്ന് പറഞ്ഞ ഗവര്‍ണര്‍ തനിക്ക് കീഴിലുള്ളവര്‍ നിയമവഴി തേടുന്നത് അച്ചടക്ക ലംഘനമാണോയെന്ന് പരിശോധിക്കുമെന്നും വ്യക്തമാക്കി. അതേസമയം ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് കണ്ണൂര്‍ സര്‍വകലാശാല ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചേക്കും. നിയമ നടപടിയുമായി മുന്നോട്ട് പോകാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന സിന്റിക്കേറ്റ് യോഗം വിസിയെ ചുമതലപ്പെടുത്തിയിരുന്നു.