മാധ്യമങ്ങളോട് ഗവര്‍ണറുടെ 'കടക്ക് പുറത്ത്' , കേഡര്‍ മാധ്യമങ്ങളോട് സംസാരിക്കില്ല, മീഡിയ വൺ, കൈരളി ചാനലുകളെ പുറത്താക്കി

മാധ്യമവിലക്കുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേഡര്‍ മാധ്യമങ്ങളോട് താന്‍ സംസാരിക്കില്ലെന്ന് പറഞ്ഞ അദ്ദേഹം കൈരളിയുടെയും മീഡിയ വണ്ണിന്റെയും റിപ്പോര്‍ട്ടര്‍ മാരോട് പുറത്തുപോകാന്‍ ആവശ്യപ്പെട്ടു.

തിങ്കളാഴ്ച രാവിലെ രാജ്ഭവനില്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിലാണ് ഗവര്‍ണറുടെ മാധ്യമവിലക്ക്. കൈരളിയെയും മീഡിയ വണ്‍ ചാനലിനെയും വാര്‍ത്താസമ്മേളനത്തിന് ക്ഷണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തസമ്മേളനത്തിനിടെ മീഡിയവണ്‍, കൈരളി മാധ്യമപ്രവര്‍ത്തകര്‍ കൂട്ടത്തിലുണ്ടോയെന്ന് ഗവര്‍ണര്‍ പേരെടുത്ത് ചോദിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരോട് വാര്‍ത്തസമ്മേളനത്തില്‍ നിന്ന് പുറത്തുപോകാന്‍ പറയുകയായിരുന്നു. തനിക്കെതിരെ കാമ്പയിന്‍ നടത്തുകയാണെന്ന് ആരോപിച്ചായിരുന്നു നടപടി.

അതേസമയം, ഗവര്‍ണറുടെ വാര്‍ത്തസമ്മേളനത്തിന് അറിയിപ്പ് ലഭിച്ചിട്ടാണ് പങ്കെടുത്തതെന്ന് മീഡിയവണ്‍ വ്യക്തമാക്കി. ഇതിന്റെ ഇ-മെയില്‍ സന്ദേശം ചാനല്‍ പുറത്തുവിട്ടു.

Read more

നേരത്തെയും ഗവര്‍ണര്‍ മീഡിയവണിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. അന്നും കേഡര്‍ മാധ്യമമെന്ന് വിളിച്ചാണ് മീഡിയവണ്‍ അടക്കമുള്ള മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് പറഞ്ഞത്. മീഡിയവണിന് പുറമെ കൈരളി, റിപ്പോര്‍ട്ടര്‍ എന്നീ ചാനലുകള്‍ക്കാണ് അന്ന് വിലക്കുണ്ടായിരുന്നത്.