ബ്രൂവറിയുമായി സര്‍ക്കാര്‍ മുന്നോട്ടുതന്നെ; മുന്നണിയിലെ എതിര്‍പ്പുകളും അവഗണിച്ചു; തീരുമാനം മന്ത്രിസഭ യോഗത്തില്‍

പാലക്കാട് ബ്രൂവറി നിര്‍മ്മാണവുമായി മുന്നോട്ടുപോകാന്‍ മന്ത്രിസഭ യോഗത്തില്‍ തീരുമാനം. മുന്നണിയില്‍ തന്നെ ഉണ്ടായിരുന്ന എതിര്‍പ്പുകളെ അവഗണിച്ചാണ് പദ്ധതിയുമായി മുന്നോട്ടുപോകാന്‍ തീരുമാനമായത്. പദ്ധതിയില്‍ സിപിഐയും ആര്‍ജെഡിയും നേരത്തെ തന്നെ ശക്തമായി എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു.

ശക്തമായ എതിര്‍പ്പാണ് സിപിഐയും ആര്‍ജെഡിയും ഉയര്‍ത്തിയതെങ്കിലും പദ്ധതിയുമായി മുന്നോട്ടുപോകണമെന്ന നിലപാട് മുഖ്യമന്ത്രി സ്വീകരിക്കുകയായിരുന്നു. ആക്ഷേപങ്ങള്‍ ഒഴിവാക്കി മുന്നോട്ടുപോകണമെന്നും യോഗത്തില്‍ തീരുമാനിച്ചു. പദ്ധതിയില്‍ ആശങ്ക വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും യോഗത്തില്‍ വ്യക്തമാക്കി.

പദ്ധതി പ്രഖ്യാപനത്തിന് പിന്നാലെ കുടിവെള്ളത്തില്‍ ഉള്‍പ്പെടെ ഉന്നയിക്കുന്ന പ്രശ്‌നങ്ങളില്‍ ആശങ്ക വേണ്ടെന്നും മറ്റ് എന്തെങ്കിലും ആശങ്കകള്‍ ഉണ്ടെങ്കില്‍ സര്‍ക്കാര്‍ പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം പാലക്കാട് ബ്രൂവറി നിര്‍മ്മാണം ആരംഭിക്കാനിരിക്കുന്ന എലപ്പുള്ളി എന്ന സ്ഥലമാണ് പ്രശ്‌നമെന്ന് യോഗത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നിലപാടെടുത്തു.

Read more

എലപ്പുളിക്ക് പകരം മറ്റൊരു സ്ഥലം പരിഗണിച്ചുകൂടെയെന്നും ബിനോയ് വിശ്വം ചോദിച്ചു. എന്നാല്‍ കുടിവെള്ളത്തില്‍ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് യോഗത്തില്‍ എംവി ഗോവിന്ദന്‍ നിലപാടെടുത്തു.