മതം മാറ്റാനുള്ള ജിഹാദ് ഇസ്‍ലാമിലില്ലെന്നും ‘ലൗ ജിഹാദ്’ ഇസ്‍ലാമിന് അപരിചിതമാണെന്നും സമസ്ത. ഖുർ ആൻ ശരിക്കും മനസ്സിലാക്കാതെയാണ് പല പ്രചാരണങ്ങളും നടക്കുന്നത്. മതസൗഹാർദ്ദത്തിനായി ആണ് സമസ്ത പ്രവർത്തിക്കുന്നത്. ആരെങ്കിലും ചെയ്യുന്ന കാര്യങ്ങൾക്ക് ഇസ്ലാം ഉത്തരവാദിയല്ല. വിവാദ പരാമർശം നടത്തിയ പാലാ ബിഷപ്പിനെ പ്രോൽസാഹിപ്പിക്കുന്ന തരത്തിലായി സർക്കാർ ഇടപെടൽ. മന്ത്രി വി.എൻ വാസവന്റെ നിലപാട് സര്‍ക്കാരിന്റെതാണോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും സമസ്ത കേരള ഇംഇയ്യത്തുല്‍ ഉലമ പ്രസിഡന്‍റ് സയ്യിദ് മുഹമ്മദ് ജിഫ്രി തങ്ങള്‍ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പാലാ ബിഷപ്പിന്റെ നർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ സർക്കാർ ഭാഗത്തു നിന്നുണ്ടായ ഇടപെടൽ ഒരു വിഭാഗത്തെ വേദനിപ്പിച്ചു. ബിഷപ്പ് പറയാന്‍ പാടില്ലാത്തതാണ് പറഞ്ഞത്. തീവ്രവാദം പറയുന്നവരെയാണ് ഒറ്റപ്പെടുത്തേണ്ടത്. നാര്‍ക്കോട്ടിക് ജിഹാദ് ഉണ്ടെന്ന് തോന്നുന്നുവെങ്കില്‍ അത് സര്‍ക്കാരിനോടായിരുന്നു പറയേണ്ടിയിരുന്നത്. ബിഷപ്പിന്റെ അതേ നിലവാരത്തില്‍ തങ്ങളും പറഞ്ഞാല്‍ എന്താകും സ്ഥിതി എന്ന് സയ്യിദ് മുഹമ്മദ് ജിഫ്രി ചോദിച്ചു.
മതനേതാക്കൾ ഇത്തരത്തില്‍ നീങ്ങിയാല്‍ മതസ്പര്‍ധയുണ്ടാകും. ഇസ്‍ലാമില്‍ നാര്‍ക്കോട്ടിക് ജിഹാദും ലൗ ജിഹാദുമില്ല. ഉത്തരവാദപ്പെട്ടവര്‍ ബിഷപ്പിനെ പ്രോത്സാഹിപ്പിക്കുകയാണ്. മന്ത്രിമാരുടെ ഭാഗത്തുനിന്ന് അതുണ്ടാവാന്‍ പാടില്ല. സര്‍ക്കാര്‍ ഇത്തരക്കാരെ പ്രോത്സാഹിക്കുന്നോ എന്ന് സംശയമുണ്ട്. സര്‍ക്കാര്‍ ബിഷപ്പിനെ ന്യായീകരിക്കുകയാണ്. സര്‍ക്കാര്‍ എല്ലാവരുടേതുമാണ്. മന്ത്രിമാരുടെ പ്രസ്താവന വേദനയുണ്ടാക്കി എന്നും സയ്യിദ് മുഹമ്മദ് ജിഫ്രി തങ്ങള്‍ പറഞ്ഞു.
താമരശ്ശേരി രൂപത ഇറക്കിയ കൈപ്പുസ്തകത്തിലെ പരാമർശങ്ങൾ തെറ്റാണ്. ലൗ ജിഹാദിന് മതപരമായ പിൻബലമില്ല. ആർക്കും കൊട്ടാവുന്ന ചെണ്ടയല്ല മുസ്ലീം സമുദായം. സമുദായ നേതാക്കളുടെ പ്രതികരണം മതമൈത്രി തകർക്കുന്നതാവരുത്. സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്. ബിഷപ്പുമാർ ഇത്തരം പരാമർശങ്ങൾ നടത്തരുതായിരുന്നു എന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ കൂട്ടിച്ചേർത്തു.