ശ്രവണ വൈകല്യമുള്ളവര്‍, ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവര്‍ എന്നീ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഓരോ വിഷയത്തിനും നല്‍കുന്ന ഗ്രേസ് മാര്‍ക്ക് ഇതര ഭിന്നശേഷി വിഭാഗക്കാര്‍ക്കും അനുവദിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. 25 ശതമാനം ഗ്രേസ് മാര്‍ക്കാണ് ഓരോ വിഷയത്തിനും ഇത്തരത്തില്‍ ലഭിക്കുക.
ഭിന്നശേഷി വിഭാഗത്തില്‍പ്പെടുന്ന എല്ലാ കുട്ടികള്‍ക്കും ഒരു വിവേചനവും കൂടാതെ ആര്‍.പി.ഡബ്ല്യു.ഡി. ആക്ട് (RPWD ACT) 2016 ന്റെ അന്തഃസത്ത ഉള്‍ക്കൊണ്ട് ഗ്രേസ് മാര്‍ക്ക് അനുവദിക്കാനാണ് തീരുമാനമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.
പുതിയ തീരുമാനം അനുസരിച്ച് 21 തരം വൈകല്യങ്ങള്‍ നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്കിന് അര്‍ഹതയുണ്ടാകും. ഗ്രേസ് മാര്‍ക്കും എല്ലാ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും അനുവദിക്കണമെന്നത് ദീര്‍ഘനാളത്തെ ആവശ്യമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ഈ തീരുമാനം ഏറെ ആശ്വാസം നല്‍കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി വ്യക്തമാക്കി.