ക്രിസ്മസ് ആഘോഷിക്കാന്‍ കൊച്ചി മെട്രോ ട്രെയിനില്‍ ആടിപ്പാടി 83 'അമ്മമാര്‍'

കൊച്ചിയിലെ ഫ്രീക്കന്‍ പിള്ളേരെപോലെ ദ്രുധഗതിയില്‍ കുതിക്കുകയാണ് കൊച്ചി മെട്രോ. എന്നാല്‍ പിള്ളേര്‍ക്ക് മാത്രമല്ല, തങ്ങള്‍ക്കും ഇതൊക്കെ അനായാസം സാധിക്കും എന്ന് പറയുകയാണ് ഈ അമ്മമാര്‍. മെട്രോയില്‍ കയറുക മാത്രമല്ല, ആടിപ്പാടി ആഘോഷിച്ചതിന് ശേഷമാണ് ഇവര്‍ മെട്രോ യാത്ര അവസാനിപ്പിച്ചത്.

വാര്‍ദ്ധക്യത്തിലെത്തിയവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന മാജിക്‌സ് എന്ന എന്‍ജിഒ സംഘടനയുടെയും കൊച്ചി മെട്രോയുടെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ ക്രിസ്മസ് ആഘോഷത്തിലാണ് അമ്മമാര്‍ ആടിത്തിമിര്‍ത്തത്. പ്രായമായ അമ്മമാര്‍ക്ക് വേണ്ടി പ്രത്യേകം സംഘടിപ്പിച്ച യാത്രയില്‍ 83 അമ്മമാരാണ് പങ്കെടുത്തത്.

ഭൂരിഭാഗം അമ്മമാരുടെയും ആദ്യ മെട്രോ അനുഭവമായിരുന്നു ഇത്. ആടിയും പാടിയും വിശേഷങ്ങള്‍ പങ്കുവച്ച് അവര്‍ തങ്ങളുടെ ക്രിസ്മസ് അവിസ്മരണീയമാക്കി.

കൊച്ചി കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ എ ബി സാബു, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ എലിസബത്ത് എന്നിവര്‍ അമ്മമാരോടൊപ്പം യാത്രയില്‍ പങ്കുചേര്‍ന്നു. ആലുവയില്‍ നിന്ന് മഹാരാജാസ് കോളെജ് സ്‌റ്റോപ്പ് വരെയും അവിടെനിന്ന് തിരിച്ച് ആലുവയ്ക്കുമായിരുന്നു അമ്മമാരുടെ യാത്ര.