പണത്തിനോടുള്ള അത്യാർത്തി; പാപ്പച്ചന് വേണ്ടി ആരും ചോദിച്ച് വരില്ലെന്ന് കരുതി, അരും കൊല; മകൾ റേച്ചലിന് തോന്നിയ സംശയം പ്രതികളെ കുടുക്കി

പണത്തിനോടുള്ള അത്യാർത്തി. അത് തന്നെയായിരുന്നു കൊല്ലം പാപ്പച്ചൻ കൊലപാതക്കേസിൽ ബാങ്ക് മാനേജർ സരിതയ്‌ക്കും സംഭവിച്ചത്. എങ്ങനെയും പണം ഉണ്ടാക്കണമെന്ന് ചിന്തയുടെ മറവിൽ അരും കൊല നടത്തി. അതിനായി സിനിമയെ വെല്ലുന്ന തിരക്കഥ. ഒടുക്കം പാപ്പച്ചന്റെ മകൾ റേച്ചലിന് തോന്നിയ ഒരു സംശയമാണ് പ്രതികളെ കുടുക്കിയത്. അപകട മരണം എന്ന് എഴുതി തള്ളിയ മരണം കൊലപാതമാണെന്ന് തെളിഞ്ഞു.

പാപ്പച്ചന്റേത് അപകട മരണമെന്ന് പൊലീസ് വിധിയെഴുതി മൂന്നാഴ്ച പിന്നിടുമ്പോഴാണ് മകൾ റേച്ചലിന് ചില സംശയങ്ങൾ തോന്നിയത്. ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടുകൾ അച്ഛൻ നടത്തുമായിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മകൾ പൊലീസിന് പരാതി നല്‍കി. അനിമോന്‍റെ ഫോണ്‍ കോൾ രേഖകൾ പരിശോധിച്ച പൊലീസ്, ഇയാൾ നിരന്തരമായി സരിതയേയും അനൂപിനെയും വിളിക്കാറുണ്ടെന്ന് കണ്ടെത്തി. തുടർന്നാണ് പാപ്പച്ചന്‍റെ അക്കൗണ്ടുകൾ പരിശോധിച്ചത്. പ്രാഥമികമായി തിരിമറി കണ്ടെത്തിയതോടെ ബാങ്കിന്‍റെ ഓഡിറ്ററെ വിവരം അറിയിച്ചു. ക്രമക്കേട് ഓഡിറ്ററും ശരിവെച്ചതോടെയാണ് ഒറ്റ ദിവസം കൊണ്ട് സരിത ഉൾപ്പെടെ അഞ്ച് പ്രതികളേയും പിടികൂടിയത്.

ബിഎസ്എൻഎൽ എഞ്ചിനീയറായിരുന്ന പന്തളം കുടശനാട് സ്വദേശി പാപ്പച്ചൻ കൊല്ലത്തെ മിനിമുത്തൂറ്റ് നിധിയുടെ ഓലയിൽ ശാഖയിൽ അക്കൗണ്ട് തുടങ്ങുന്നത് ആറ് മാസം മുൻപാണ്. സമ്പന്നരായ ഇടപാടുകാരെ തേടി നടന്ന ബാങ്ക് മാനേജർ സരിത, പാപ്പച്ചനെ പരിചയപ്പെടുന്നത് ഏജന്റുമാർ വഴിയാണ്. പാപ്പച്ചന് മറ്റ് ബാങ്കുകളിലായി ലക്ഷക്കണക്കിന് രൂപയുടെ നിക്ഷേപം ഉണ്ടെന്ന് മനസ്സിലാക്കിയ സരിത, അക്കൗണ്ടന്‍റ് അനൂപുമായി ചേർന്ന് സ്വാധീനിച്ച് അക്കൗണ്ട് തുറപ്പിച്ചു. പല ഘട്ടങ്ങളിലായി 36 ലക്ഷം രൂപ വരെ അക്കൗണ്ടിലെത്തി. പിന്നീട് ആകർഷകമായ പലിശ വാഗ്ദാനം ചെയ്ത് മറ്റു നിക്ഷേപ പദ്ധതികളിൽ നിക്ഷേപിക്കാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ വാങ്ങി. എന്നാൽ ഈ പണം സ്വന്തം ആവശ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്തു. വാഗ്ദാനം ചെയ്ത വരുമാനം ലഭിക്കാതായതോടെ സംശയം വന്ന പാപ്പച്ചൻ ബാങ്കിലെത്തി ബഹളം വെച്ചതോടെയൊണ് വകവരുത്താൻ പ്രതികൾ പദ്ധതിയിട്ടത്. ഇതിനായി രണ്ടര ലക്ഷം രൂപക്ക് ഒന്നാം പ്രതി അനിമോനും കൂട്ടുകാരൻ മാഹിനും ക്വാട്ടേഷൻ നൽക്കുകയായിരുന്നു.

വയോധികനും കുടുംബത്തിൽനിന്നകന്ന് ഒറ്റയ്ക്ക ജീവിക്കുക്കുകയായിരുന്ന പാപ്പച്ചന് വേണ്ടി ആരും ചോദിച്ചുവരില്ലെന്ന ചിന്തയായിരുന്നു സരിതയ്ക്ക്. കഴിഞ്ഞ മാസം 23 നായിരുന്നു അപകടം. 26 നാണ് പാപ്പച്ചൻ മരിച്ചത്. എന്നാൽ പിറ്റേന്ന് ഓഫീസിൽ എത്തിയ സരിതയ്ക്ക് ഒരു ഭാവവ്യത്യാസവും ഇല്ലായിരുന്നു. എന്നാൽ പാപ്പച്ചന്റെ മരണവാർത്ത പത്രത്തിൽ വായിച്ചതായി ജീവനക്കാരോട് പറയുകയും ചെയ്തു. ഇടയ്ക്ക് ദുഖിതയായി അഭിനയിച്ചു. പിടിക്കപ്പെടില്ലെന്ന അമിത ആത്മവിശ്വാസമായിരുന്നു സരിതയ്ക്ക്. കാരണം പാപ്പച്ചന്റേത് അപകടമരണമെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ സരിതയുടെ ആത്മവിശ്വാസമെല്ലാം തെറ്റി. പാപ്പച്ചന്റെ ഭാര്യയും മകളും പരാതിയുന്നയിച്ചതോടെ സ്ഥാപനത്തിൻ്റെ ആസ്ഥാനത്ത് നിന്ന് ജൂൺ രണ്ടാം ആഴ്ച ഓഡിറ്റിങ്ങിന് ആൾ വന്നു. ഓഡിറ്റിങ്ങിൽ 25 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തി. എന്നാൽ ബുദ്ധിപൂർവം സരിത തിരിച്ചടയ്ക്കുകയും ചെയ്തിരുന്നു.

അതിനിടയിൽ സരിതയ്ക്കുവേണ്ടി ക്വട്ടേഷൻ നടത്തിയവരുടെ വക വേറെ ഭീഷണിയുമെത്തി. കൊല്ലം ബീച്ചിലേക്ക് സരിതയെ വിളിച്ചുവരുത്തി പലതവണയായി 18 ലക്ഷം രൂപയോളം അനിമോൻ, മാഹീൻ എന്നിവർ വാങ്ങി. വണ്ടി വാടകയ്ക്ക് നൽകിയ ഹാഷിഫ് കൊലപാതകവിവരം പോലീസ് സ്റ്റേഷനിൽ അറിയിക്കണ്ടെങ്കിൽ പണം തരണമെന്ന് ഭീഷണിപ്പെടുത്തി മൂന്നുലക്ഷത്തോളം രൂപ വാങ്ങി. കിട്ടിയ പണംകൊണ്ട് മാഹീൻ ഭവനവായ്‌പക്കുടിശ്ശിക വീട്ടുകയും ചെയ്തു. തിരിമറി നടത്തിയ സരിതയെക്കൊണ്ട് സ്ഥാപനം പണം തിരികെയടപ്പിച്ചതിന് പുറമേ ക്വട്ടേഷൻ സംഘത്തിൻ്റെ സമ്മർദംകൊണ്ടും കൈ വശമിരുന്ന പണമെല്ലാം തീർന്ന അവസ്ഥയുമായി. ഓഡിറ്റിങ്ങിനുശേഷം പണം അടച്ചതിനാൽ ജോലിയിൽ തുടരാമെന്നു വിചാരിച്ചിരുന്നെങ്കിലും ജൂൺ 25-ന് സരിതയെയും അനൂപിനെയും സ്ഥാപനം പിരിച്ചു വിടുകയായിരുന്നു.

നിക്ഷേപ തുകയിൽ നിന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ തിരിമറി നടത്തിയത് പാപ്പച്ചൻ ചോദ്യം ചെയ്തപ്പോൾ അനുനയ ചര്‍ച്ചക്ക് എത്തി മടങ്ങും വഴിയാണ് പാപ്പച്ചന്‍റെ സൈക്കിളിൽ അനിമോൻ എന്നയാൾ ഓടിച്ച കാറിടിച്ചത്. ക്രിമിനൽ പശ്ചാത്തലമുള്ള അനിമോൻ വാടകക്കെടുത്ത കാറാണ് സൈക്കിളിൽ ഇടിച്ചത്. അനിമോന്‍റെ അക്കൗണ്ടിലേക്ക് എത്തിയ രൂപയുടെ കണക്ക് പിന്തുടര്‍ന്നാണ് മാനേജര്‍ സരിത അടക്കമുള്ളവരുടെ പങ്ക് തെളിഞ്ഞത്. സിസിടിവിയും ഫോൺ വിളികളും പരിശോധിച്ച് പൊലീസ് നടത്തിയ തിരച്ചിലിലാണ് അഞ്ചു പ്രതികളെയും അറസ്റ്റ് ചെയ്യാനായത്.