മരടില്‍ പൊളിച്ച ഫ്‌ളാറ്റുകളുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതില്‍ അപാകതകളുണ്ടെന്ന് ഹരിത ട്രിബ്യൂണല്‍. പൊടിശല്യം കുറയ്ക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്ന് സംസ്ഥാന സമിതി ചെയര്‍മാന്‍ ജസ്റ്റിസ് എ വി രാമകൃഷ്ണപിള്ള പറഞ്ഞു. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് അടുത്തയാഴ്ച സമര്‍പ്പിക്കും.
എഴുപതിനായിരം ടണ്ണിലേറെ വരുന്ന കോണ്‍ക്രീറ്റും കമ്പികളും വേര്‍തിരിക്കുന്ന പ്രവര്‍ത്തനങ്ങളാണ് മരടില്‍ ഇപ്പോള്‍ നടക്കുന്നത്. ഇത് വിലയിരുത്താനാണ് ഹരിത ട്രിബ്യൂണലും മലിനീകരണ നിയന്ത്രണ ബോര്‍ഡും ഉള്‍പ്പടെയുള്ള സംഘം മരടിലെത്തിയത്.
നിയമപ്രകാരമാണ് അവശിഷ്ടങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്ന് ഉറപ്പ് വരുത്താന്‍ സിസിടിവികള്‍ സ്ഥാപിക്കണമെന്ന് ജസ്റ്റിസ് എ വി രാമകൃഷ്ണപിള്ള ആവശ്യപ്പെട്ടു. ഈ മാസം 24ന് നടക്കുന്ന യോഗത്തിന് ശേഷം വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കും. അവശിഷ്ടങ്ങള്‍ നീക്കുന്നതില്‍ മെല്ലെപ്പോക്കുണ്ടായാല്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ ദിവസം സ്വന്തം വീടുകളില്‍ നിന്ന് മാറിനില്‍ക്കേണ്ടി വരുമെന്ന ആശങ്കയിലാണ് ഫ്‌ളാറ്റുകള്‍ക്ക് സമീപം താമസിച്ചിരുന്നവര്‍.