ജിഎസ്ടി ; വാണിജ്യനികുതി ചെക്ക്‌പോസ്റ്റ് ഡിസംബര്‍ ഒന്നുമുതല്‍ അടച്ചിടും

സംസ്ഥാനത്തെ മുഴുവന്‍ വാണിജ്യ നികുതി ചെക് പോസ്റ്റുകളും ഡിസംബര്‍ ഒന്നിനു പൂട്ടും. ചരക്കു സേവന നികുതി നടപ്പാക്കിയതിന്റെ ഭാഗമായാണ് നടപടി. ഇപ്പോള്‍ ചെക് പോസ്റ്റുകളില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ മാറ്റിത്തുടങ്ങി. നിലവിലുള്ള ടോക്കണ്‍ ഗേറ്റുകളും അടുത്തമാസത്തോടെ ഇല്ലാതാകും.

നേരത്തെയുണ്ടായിരുന്ന മൂല്യവര്‍ധിത നികുതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. കമ്മീഷണര്‍, സ്റ്റേറ്റ് ടാക്‌സ് ഓഫിസര്‍ എന്നീ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റ ഉത്തരവുകള്‍ അടുത്ത ദിവസം ഇറങ്ങുമെന്നാണ് അറിയുന്നത്.സംസ്ഥാനത്തെ ഏറ്റവും വലിയ ചെക് പോസ്റ്റുകളിലൊന്നായ വാളയാര്‍ ഉള്‍പ്പെടുന്ന പാലക്കാട്ട് 109 അസി. കൊമേഴ്‌സ്യല്‍ ഓഫിസര്‍മാരുടെയും 94 ഓഫിസ് അറ്റന്‍ഡര്‍മാരുടെയും സ്ഥലം മാറ്റം സംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ദിവസങ്ങളില്‍ ഇറങ്ങിയിട്ടുണ്ട്.

സംസ്ഥാനത്തെ 84 ചെക്ക് പോസ്റ്റുകളില്‍ 600 ജീവനക്കാരാണുള്ളത്. ജിഎസ്ടി വന്നതിനു ശേഷം ചരക്കു വാഹനങ്ങളിലെ ജിഎസ്ടിഡിക്ലറേഷന്‍ പരിശോധന മാത്രമാണ് ഇവിടങ്ങളില്‍ നടക്കുന്നത്. ചരക്ക് സേവന നികുതി നടപ്പാക്കിയ ആദ്യ മാസത്തില്‍ ഉദ്യോഗസ്ഥരുടെ തസ്തികകള്‍ പുനര്‍നാമകരണം ചെയ്യുകയും സ്റ്റാഫ് പാറ്റേണില്‍ അഴിച്ചു പണി നടത്തുകയും ചെയ്തിരുന്നു.