കോതമംഗലത്ത് അതിഥി തൊഴിലാളിയുടെ മകള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

എറണാകുളം കോതമംഗലത്ത് ആറ് വയസുകാരിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശ് സ്വദേശി അജാസ് ഖാന്റെ മകള്‍ മുസ്‌ക്കാനാണ് മരിച്ചത്. ഇന്ന് രാവിലെയാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അജാസ് ഖാനും ഭാര്യയും രണ്ട് കുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്.

കഴിഞ്ഞ ദിവസം രാത്രി കുട്ടി പതിവുപോലെ ആഹാരം കഴിച്ച് ഉറങ്ങാന്‍ കിടന്നിരുന്നു. മുസ്‌ക്കാനും ഇളയ കുട്ടിയുമാണ് ഒരുമിച്ച് കിടന്നിരുന്നത്. രാവിലെ മുസ്‌ക്കാന്‍ ഉണരാതിരുന്നതോടെ വീട്ടുകാര്‍ കുട്ടിയെ ഉണര്‍ത്താന്‍ ശ്രമിക്കുമ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മുസ്‌ക്കാനൊപ്പമുണ്ടായിരുന്നത് കൈക്കുഞ്ഞായിരുന്നു.

പൊലീസും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പ്രാഥമിക പരിശോധനയ്ക്ക് ശേഷം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. ആറ് വയസുകാരിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.