കോഴിക്കോട് സിനിമ നിര്‍മ്മാതാവിനു നേരെ വെടിവെപ്പ്. വൈഡൂര്യം സിനിമയുടെ നിര്‍മ്മാതാവ് പന്ത്രണ്ടുമഠത്തില്‍ വില്‍സണ് നേരെയാണ് മൂന്നംഗസംഘം വെടിവെപ്പ് നടത്തിയത്. സംഭവത്തില്‍ കൊടിയത്തൂര്‍ സ്വദേശികളായ ഷാഫി(32), മുനീര്‍(38) എന്നിവരെ ബാലുശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രതികള്‍ ഉപയോഗിച്ച തോക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ ഒരാളെകൂടി കസ്റ്റഡിയിലെടുക്കാനുണ്ട്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് വീട് ഒഴിപ്പിക്കാനെത്തിയ ക്വട്ടേഷന്‍ സംഘം വെടി ഉതിര്‍ക്കുകയായിരുന്നു. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് വെടിവെപ്പുണ്ടായത്.
2016ല്‍ പുറത്തിറങ്ങിയ സിനിമയാണ് വൈഡൂര്യം. സിനിമ നിര്‍മ്മിക്കാനായി പണം വായ്പയായി വാങ്ങിയിരുന്നു ഇതിനെ തുടര്‍ന്നുണ്ടായ തര്‍ക്കങ്ങളാണ് ആക്രമണത്തിന് കാരണമായത്. 2010ല്‍ സിനിമ നിര്‍മിക്കാന്‍ 2.65 കോടിയോളം രൂപ വില്‍സണു ചെലവായിരുന്നു. സിനിമ റിലീസ് ചെയ്യാന്‍ 50 ലക്ഷത്തോളം രൂപ ആവശ്യമായതിനെ തുടര്‍ന്ന് വായ്പയെടുത്തു.
തൃശൂരില്‍ വില്‍സന്റെ പേരിലുണ്ടായിരുന്ന 32 സെന്റ് സ്ഥലം ഈടായി റജിസ്റ്റര്‍ ചെയ്തു നല്‍കുകയും ചെയ്തിരുന്നു.എന്നാല്‍ സിനിമ പരാജയപ്പെട്ടതോടെ വില്‍സണ്‍ പ്രതിസന്ധിയിലായി. പിന്നീട് വില്‍സണ്‍ സ്വന്തം പേരിലുണ്ടായിരുന്ന 32 സെന്റ് സ്ഥലം ഈടായി റജിസ്റ്റര്‍ ചെയ്തു നല്‍കിയിരുന്നു. ആറു മാസത്തിനു ശേഷം 87.72 ലക്ഷം രൂപയ്ക്കു ആ സ്ഥലം വിറ്റു പണം തിരികെ നല്‍കിയിരുന്നു. എന്നാല്‍ നന്മണ്ടയിലെ സ്ഥലം വില്‍സണു തിരികെ കൊടുത്തില്ല. ഈ കേസ് കോടതിയുടെ പരിഗണനയിലാണ്. ഇതിനിടെയാണ് ആക്രമണമുണ്ടായത്.