പാര്‍ട്ടിക്കെതിരായി ഒന്നും പറഞ്ഞിട്ടില്ല; ഇങ്ങനെ ആക്രമിക്കേണ്ട ആളല്ല അദേഹം; ആറു പതിറ്റാണ്ടിന്റെ പാരമ്പര്യമുണ്ട്; രക്തസാക്ഷി കുടുംബാംഗം; ജി സുധാകരനെ പിന്തുണച്ച് എച്ച് സലാം എംഎല്‍എ

സൈബര്‍ ആക്രമണങ്ങളില്‍ ജി. സുധാകരനെ പിന്തുണച്ച് എച്ച്. സലാം എംഎല്‍എ. പാര്‍ട്ടിക്ക് എതിരായി സുധാകരന്‍ കെപിസിസി വേദിയില്‍ ഒന്നും പറഞ്ഞിട്ടില്ലെന്ന് അദേഹം വ്യക്തമാക്കി.
സുധാകരനെ ആക്രമിക്കുന്ന തരത്തില്‍ സമൂഹമാധ്യമത്തില്‍ ചില എഴുത്തുകള്‍ കണ്ടു. അതില്‍ സുധാകരന്‍ രക്തസാക്ഷിയുടെ സഹോദരന്‍ ആണെന്ന തോന്നല്‍ എഴുതിയവര്‍ക്ക് എന്തുകൊണ്ട് ഉണ്ടായില്ല.

അങ്ങനെ ആക്രമിക്കേണ്ട ആളല്ല അദ്ദേഹം. ആറ് പതിറ്റാണ്ട് പാരമ്പര്യമുള്ള ആളാണ്. രക്തസാക്ഷി കുടുംബാംഗമാണ്. മോശമായ ചില കാര്യങ്ങള്‍ കാണുമ്പോള്‍ ചിലപ്പോള്‍ പൊട്ടിത്തെറിച്ച് പറയും. അത് പറയുന്നത് തെറ്റായി കണക്കാക്കേണ്ട കാര്യമില്ലെന്നും സലാം വ്യക്തമാക്കി.

നേരത്തെ, കെപിസിസി പരിപാടിയില്‍ പങ്കെടുത്തതിനെതിരായ സൈബര്‍ ആക്രമണം തള്ളി ജി സുധാകരന്‍ രംഗത്തെത്തിയിരുന്നു. ആരോപണം ഉന്നയിച്ചവര്‍ രാഷ്ട്രീയ തന്തയില്ലായ്മയാണ് കാണിക്കുന്നതെന്നും അമ്പലപ്പുഴയിലും പരിസരത്തുമുള്ള പത്തുപതിനഞ്ചുപേരാണ് ഈ വിമര്‍ശനത്തിന് പിന്നിലെന്നും ജി സുധാകരന്‍ പറഞ്ഞു. അതേസമയം കെപിസിസി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തതില്‍ തെറ്റില്ലെന്നും ജി സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

സൈബര്‍ പോരാളികള്‍ എന്നൊരു ഗ്രൂപ്പ് പാര്‍ട്ടിയില്‍ ഇല്ല. അത് മുഴുവന്‍ കള്ളപ്പേരാണ്. അവര്‍ പാര്‍ട്ടി വിരുദ്ധരാണ്, അവന്റെയൊക്ക അമ്മായി അപ്പന്റേയും അപ്പുപ്പന്റേയും ഗ്രൂപ്പാണത്. പാര്‍ട്ടി അംഗങ്ങളാണ് പാര്‍ട്ടിയുടെ സൈന്യം. കെപിസിസി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തതില്‍ തെറ്റില്ല. അവിടെ സംസാരിച്ചത് ഗാന്ധിയെക്കുറിച്ചാണ്. പ്രസംഗം കെട്ട് എത്രപേരാണ് വിളിച്ച് അഭിനന്ദിച്ചത്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വേണ്ടി അല്ലാതെ സംസാരിച്ചിട്ടില്ലെന്നും ജി സുധാകരന്‍ പറഞ്ഞു.

അതേസമയം താന്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിരല്ലെന്നും ജി സുധാകരന്‍ പറഞ്ഞു. തന്നെ പിണറായി വിരുദ്ധന്‍ ആക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. താന്‍ പിണറായി വിരുദ്ധന്‍ ആകേണ്ട കാര്യം എന്താണ്. അങ്ങനെ ശ്രമിക്കുന്നവര്‍ക്ക് നാലു മുത്തം കിട്ടുമെങ്കില്‍ കിട്ടിക്കോട്ടേ. മരിക്കും വരെ കമ്മ്യൂണിസ്റ്റ് ആയിരിക്കും. തന്റെയടുത്ത് പരീക്ഷണങ്ങള്‍ ഒന്നും ആവശ്യമില്ല. അതിന്റെ കാലം കഴിഞ്ഞു. താന്‍ ഇനി മുഖ്യമന്ത്രി ആകാന്‍ ഇല്ല, മന്ത്രി ആകാന്‍ ഇല്ല ഒന്നിനും ഇല്ല. പാര്‍ട്ടി മെമ്പര്‍ ആയി കമ്മ്യൂണിസ്റ്റ്കാരനായി ജീവിക്കും. അഭിപ്രായം പറയുക എന്നത് കമ്മ്യൂണിസ്റ്റ് കാരന്റെ ജീവശ്വാസം ആണെന്നും ജി സുധാകരന്‍ പറഞ്ഞു.