നാളെ സുപ്രീം കോടതിയില്‍ ഹാദിയ കേസിലെ നിര്‍ണായക വാദം നടക്കാനിരിക്കെ പുതിയ നീക്കവുമായി ഹാദിയയുടെ കുടുംബം.ഹാദിയയുടെ മനോനില ശരിയല്ലെന്ന് സുപ്രീം കോടതിയില്‍ വാദിക്കാനാണ് കുടുംബത്തിന്റെ നീക്കം. ഷെഫിന്‍ ജഹാനുമായുള്ള ഹാദിയയുടെ വിവാഹം റദ്ദാക്കിയത് ഇതേ കാര്യത്തിലാണെന്നും ഹാദിയയുടെ പിതാവ് അശോകന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതെ സമയം “മെന്റല്‍ കിഡ്നാപ്പിംഗ് “വാദത്തില്‍ ഉറച്ച് നില്‍ക്കുന്ന എന്‍ ഐ എ വിവാഹം അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണെന്നും അറിയുന്നു.
ഭര്‍ത്താവിനൊപ്പം ജീവിക്കണമെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്ലാം മതം സ്വീകരിച്ചതെന്നും കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് ആവര്‍ത്തിച്ചെങ്കിലും ഹാദിയയുടെ പിതാവ് അശോകനുള്‍പ്പടെയുള്ള കുടുംബം ഹാദിയയുടെ മനോനില ശരിയല്ലെന്നുള്ള പുതിയ വാദവുമായി രംഗത്തു വന്നത്. മനോനില ശരിയല്ലെന്നതിനുള്ള തെളിവുകള്‍ ഹാജരാക്കുമെന്ന് അശോകന്റെ അഭിഭാഷകന്‍ അറിയിച്ചതായാണ് മനോര മ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം, ഹാദിയയുടെ തീരുമാനങ്ങള്‍ അവരുടേതല്ലെന്നും ആശയങ്ങള്‍ അടിച്ചേല്‍പ്പിച്ചതാണെന്നും അതുകൊണ്ട് മൊഴി കണക്കിലെടുക്കരുതെന്നും കേസില്‍ അന്വേഷണം നടത്തിയ എന്‍ഐഎ സുപ്രീം കോടതിയില്‍ അറിയിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
തെറ്റായ രീതിയില്‍ ആശയങ്ങള്‍ ഉപദേശിക്കപ്പെട്ട വ്യക്തിയാണ് ഹാദിയയെന്നും അതിനാല്‍ വിവാഹത്തിനുള്ള സമ്മതം അംഗീകരിക്കാനാവില്ലെന്നുമാണ് സുപ്രീംകോടതിയില്‍ എന്‍ഐഎ സമര്‍പ്പിച്ച റിപോര്‍ട്ടിന്റെ രത്നച്ചുരുക്കമെന്നാണ് റിപ്പോര്‍ട്ട്. മുന്‍നിലപാടില്‍ എന്‍ഐഎ ഉറച്ചുനില്‍ക്കുമെന്നും ഇത്തരം കേസുകളില്‍ “മെന്റല്‍ കിഡ്നാപ്പിങ്” (മാനസികമായ തട്ടിക്കൊണ്ടു പോകല്‍) ആണ് നടന്നിട്ടുള്ളതെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഒരു ദേശീയ മാധ്യമവും റിപ്പോര്‍ട്ട് ചെയ്തു.