ഹാദിയ ഇന്ന് സേലത്തേക്ക് ; ഭര്‍ത്താവിന് സന്ദര്‍ശനാനുമതി ഉണ്ടാകുമോ എന്ന കാര്യത്തില്‍ അവ്യക്തത

ഹാദിയയെ ഇന്ന് ഡല്‍ഹിയില്‍ നിന്ന് സേലത്തേക്ക് കൊണ്ടുപോകും. ഹാദിയയ്ക്ക് പഠനം പൂര്‍ത്തിയാക്കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാറിനോട് നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് സേലത്തേക്ക് ഹാദിയയെ കൊണ്ടുപോകുന്നത്. യാത്ര കൊച്ചി വഴിയാണോ കോയമ്പത്തൂര്‍ വഴിയാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

താന്‍ പഠിച്ച സേലം ശിവരാജ് മെഡിക്കല്‍ കോളെജില്‍ തുടര്‍ പഠനത്തിനും ഇന്റേണ്‍ഷിപ്പ് പൂര്‍ത്തീകരണത്തിനുമായി പോകണമെന്ന് ഹാദിയ കോടതിയില്‍ പറഞ്ഞിരുന്നു. കോടതി വിധി പാലിക്കുമെന്ന് കോളെജ് അധികൃതരും അറിയിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളെജിലെ അഞ്ച് അധ്യയന വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയെങ്കിലും തുടര്‍പടനത്തിനോ പഠനത്തിന്റെ ഭാഗമായുള്ള ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കാനോ ഹാദിയയ്ക്ക് കഴിഞ്ഞിട്ടില്ല.

Read more

ഒരു വര്‍ഷമായി തടവിലാണ്. ആദ്യം ഹൈക്കോടതി വിധിയുടെ തടവിലും പിന്നീട് വീട്ടുതടങ്കലിലുമായിരുന്നെന്നും തനിയ്ക്ക് സ്വാതന്ത്ര്യം വേണമെന്നും ഹാദിയ പറഞ്ഞു. തമിഴ്‌നാട് പൊലീസിന്റെ കനത്ത സുരക്ഷയിലായിരിക്കും ഹാദിയയുടെ തുടര്‍പഠനം. അതിനാല്‍ മറ്റുള്ളവര്‍ക്ക് ഹാദിയയെ കാണാനോ സംസാരിക്കുവാനോ സാധിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.