പാതിവില തട്ടിപ്പ് കേസ്: അനന്തു കൃഷ്ണൻ ഇതുവരെ വാങ്ങിയത് 143.5 കോടി, ഇരുപത്തിയൊന്ന് അക്കൗണ്ടുകളിൽ പണം വന്നു; കസ്റ്റഡി അപേക്ഷയിൽ ക്രൈംബ്രാഞ്ച്

പാതിവില തട്ടിപ്പ് കേസ് പ്രതി അനന്തു കൃഷ്ണനെതിരെ ക്രൈംബ്രാഞ്ച്. അനന്തു കൃഷ്ണൻ ഇതുവരെ വാങ്ങിയത് 143.5 കോടി രൂപ ആണെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. കസ്റ്റഡി അപേക്ഷയിലാണ് ഇക്കാര്യം ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിട്ടുള്ളത്. പ്രതിയുടെ ഇരുപത്തിയൊന്ന് അക്കൗണ്ടുകളിലായി 143.5 കോടി രൂപ വന്നുവെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.

സംസ്ഥാനത്ത് 20,163 പേരിൽ നിന്ന് അറുപതിനായിരം രൂപ വീതം വാങ്ങിയെന്നും ക്രൈംബ്രാഞ്ച് കസ്റ്റഡി അപേക്ഷയിൽ വ്യക്തമാക്കുന്നു. 425 പേരിൽ നിന്ന് 56,000 രൂപ വീതമാണ് അനന്തു കൃഷ്ണൻ വാങ്ങിയത്. കൂടുതൽ പണം വാങ്ങിയതിനെ കുറിച്ച് അന്വേഷണം നടത്തണമെന്നും കസ്റ്റഡി അപേക്ഷയിൽ ക്രൈംബ്രാ‍ഞ്ച് ആവശ്യപ്പെട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട രേഖകൾ കടത്തിക്കൊണ്ടുപോയി എന്നും ക്രൈം ബ്രാഞ്ച് കസ്റ്റഡി അപേക്ഷയിൽ പറയുന്നു.

അതേസമയം കേസിൽ പ്രതി അനന്തു കൃഷ്ണനെ രണ്ട് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. മൂവാറ്റുപുഴ കോടതിയാണ് പ്രതിയെ രണ്ട് ദിവസത്തെ കസ്റ്റഡിയിൽ വിട്ടത്. ഏഴു ദിവസത്തേക്ക് കസ്റ്റഡിയിൽ വേണം എന്നായിരുന്നു ക്രൈം ബ്രാ‍ഞ്ചിന്റെ ആവശ്യം. എന്നാൽ നേരത്തെ പോലീസ് കസ്റ്റഡിയിൽ കൂടുതൽ ദിവസം ചോദ്യം ചെയ്തത് ആണ് എന്ന് കോടതി പറഞ്ഞു. അന്വേഷണവുമായി സഹകരിക്കുമെന്ന് അനന്തുകൃഷ്ണൻ പറഞ്ഞു.